ദുബായ്: ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് മത്സത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തുണയായത്. 64 ശതമാനം പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 ഉം മൂന്നാമതുള്ള ഓസ്ട്രേലിയക്ക് 59 ശതമാനം പോയിന്റുമാണുള്ളത്. ഐപിഎല്ലിന് മുന്നോടിയായി ഇന്ത്യക്ക് ഇനി ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരം കൂടി ബാക്കിയുണ്ട്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുക.
വെല്ലിങ്ടണില്‍ നടന്ന മത്സരത്തില്‍ 172 റണ്‍സിനായിരുന്നു ഓസ്ട്രേലിയിയുടെ ജയം. 369 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 196 റണ്‍സിന് എല്ലാവരും പുറത്തായി. ടെസ്റ്റ് പരമ്പരയില്‍ ചെന്നൈ താരമായ ഡിവോണ്‍ കോണ്‍വേക്ക് പരിക്കേറ്റതോടെ ഐപിഎല്‍ നഷ്ടമാകുമെന്നാണ് വിവരം.