ഇന്ത്യൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ 10 വർഷങ്ങളിൽ ശക്തമായ വളർച്ച കൈവരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി. എല്ലാവരുടെയും പ്രയത്നത്തിൻ്റെ ഫലമായി രാജ്യം നൂറ്റാണ്ടിലെ മഹാമാരിയെ അതിജീവിച്ച് വികസിത ഭാരതത്തിന് തുടക്കം കുറിച്ചു.വികസനപദ്ധതികള്‍ ഗ്രാമീണതലം വരെ വ്യാപിച്ചു.
80 കോടി ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകി. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് സാമൂഹ്യ നീതി നടപ്പാക്കി. വികസിത ഭാരതം എന്നത് പ്രഖ്യാപിത ലക്ഷ്യമാണ്. അഴിമതി കുറയ്ക്കാൻ സാധിച്ചു. സ്വജനപക്ഷപാതവും കുടുംബാധിപത്യവും കുറഞ്ഞു.എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിന്റെ വിജയമന്ത്രമായിരിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളിലും വികസനം എത്തി. ഗോത്ര വിഭാഗങ്ങളെ ശാക്തീകരിച്ചു. എല്ലാ വിഭാഗങ്ങളെയും സമഭാവനയോടെ കണ്ടുവെന്നും മന്ത്രി പറഞ്ഞു.
കർഷകർ, വനിതകൾ, യുവാക്കൾ, നിർധനർ എന്നിവരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകി. രാജ്യം വികസിക്കുമ്പോൾ അവരും വികസിക്കണം. ദരിദ്രരുടെ ക്ഷേമം രാജ്യത്തിൻ്റെ കൂടി ക്ഷേമമാണ്. 20 കോടി ആളുകളെ ദരിദ്ര മുക്തരാക്കി. 34 കോടി രൂപ ജൻധൻ അക്കൗണ്ട് വഴി നേരിട്ട് ജനങ്ങളിലേക്ക് എത്തിയെന്നും നിർമല സീതാരാമൻ പറഞ്ഞു.