ന്യൂഡല്‍ഹി : ഇന്ത്യയിലെ കോവിഡ് മരണങ്ങള് ഔദ്യോഗിക കണക്കുകളേക്കാള്‍ ആറിരട്ടിയെന്ന് റിപ്പോര്‍ട്ട്. സിവില്‍ രജിസ്ട്രേഷന് സംവിധാനത്തില്‍ (സിആര്‍എസ്) രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണമാണ് പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നത്. പത്രവാര്‍ത്തകള്‍ പങ്കുവച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണ് കോവിഡ് മരണങ്ങളിലെ അന്തരം സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ച കാലത്തിന് തൊട്ടുമുന്‍പുള്ള വര്‍ഷമായ 2019 ലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് രാജ്യത്തെ മരണ സംഖ്യയിലെ ഉയര്‍ച്ച വ്യക്തമാകുന്നത്. 2021 ല്‍ 20 ലക്ഷം മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് 3.3 ലക്ഷം കോവിഡ് മരണങ്ങളാണ് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യയും കോവിഡ് മരണവും തമ്മിലുള്ള ഈ അന്തരം കണക്കുകള്‍ പൂഴ്ത്തിവച്ചെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് എന്നും ജോണ്‍ ബ്രിട്ടാസ് പറയുന്നു.
സംസ്ഥാനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഗുജറാത്തിലെ മരണ നിരക്കിലാണ് ഏറ്റവും വലിയ അന്തരമുള്ളത്. 5800 കോവിഡ് മരണങ്ങളാണ് ഗുജറാത്തില്‍ 2021 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രണ്ട് ലക്ഷത്തോളം മരണങ്ങളാണ് സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് കോവിഡ് മരണങ്ങളേക്കാല്‍ 33 ഇരട്ടിയാണ് സംസ്ഥാനത്തെ ആകെ മരണ സംഖ്യ.
സിആര്‍സ് മരണ സംഖ്യയും കോവിഡ് മരണങ്ങളും തമ്മില്‍ ഏറ്റവും കുറഞ്ഞ അന്തരം നിലനില്‍ക്കുന്നത് കേരളത്തിലാണ്. 1.5 ഇരട്ടിയാണ് കേരളത്തില്‍ കാണാവുന്ന അന്തരം. സിആര്‍എസ് വിവരങ്ങളും കേരളത്തിലെ സാഹചര്യവും സംസ്ഥാനം കോവിഡിനെ കാര്യക്ഷമായി നേരിട്ടു എന്നതിന്റെ തെളിവാണെന്നാണ് ഉപ്പോള്‍ ഉയരുന്ന വാദം. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. എന്നാല്‍ മരണ കണക്കുകളില്‍ അത് പ്രതിഫലിക്കുന്നില്ല. സംസ്ഥാനം കണക്കില്‍ കൃത്രിമം കാണിച്ചില്ലെന്നതിന്റെ തെളിവാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു. അസം, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും കുറഞ്ഞ വ്യത്യാസം നിലവിലുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഉയര്‍ന്ന അന്തരം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ മധ്യപ്രദേശ് ആണ് രണ്ടാമത്. കണക്കുകള്‍ തമ്മില്‍ 18 ഇരട്ടിയുടെ വ്യത്യാസമാണുള്ളത്. പശ്ചിമ ബംഗാളില്‍ ഇത് 15 ഇരട്ടിയാണ്. ബിഹാര്‍, രാജസ്ഥാന്, ജാര്‍ഖണ്ഡ്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ അന്തരം പത്തിരട്ടിയിലധികമാണെന്നും സിആര്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്താരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
കണക്കുകള്‍ മൊത്തത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ 2019 നെ അപേക്ഷിച്ച് 2021 ല്‍ 25.8 ലക്ഷം അധിക മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിആര്‍എസ് കണക്ക് ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ച കണക്കില്‍ എടുത്താല്‍ പോലും ആകെ മരണത്തില്‍ ഏകദേശം 20 ലക്ഷത്തിന്റെ വര്‍ധന രേഖപ്പെടുത്തപ്പെടുന്നു. ഔദ്യോഗിക കോവിഡ് മരണസംഖ്യയായ 3.3 ലക്ഷത്തിന്റെ ആറിരട്ടി വരുന്നതാണിത്.