ധാംബുള്ള : വനിത ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കടക്കുന്നത്. രണ്‍ഗിരി ധാംബുള്ള ഇന്റര്ഡനാഷണല് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ്, രാധാ യാദവ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ശ്രീലങ്ക-പാകിസ്ഥാന് മത്സരത്തിലെ വിജയികളെ ഇന്ത്യ ഞായറാഴ്ച്ച ഫൈനലില്‍ നേരിടും.
ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയാണ് (39 പന്തില്‍ 55) ഇന്ത്യയുടെ ടോപ് സ്കോറര്‍. മന്ദാനയക്കൊപ്പം, സഹ ഓപ്പണര്‍ ഷെഫാലി വര്‍മ (28 പന്തില്‍ 26) പുറത്താവാതെ നിന്നു. 39 പന്തുകള്‍ നേരിട്ട മന്ദാന ഒരു സിക്സും ഒമ്പത് ഫോറും നേടി. ഷെഫാലിയുടെ ഇന്നിംഗ്സില്‍ രണ്ട് ഫോറുകള്‍ ഉണ്ടായിരുന്നു. നേരത്തെ, ബംഗ്ലാദേശിന്റെ തുടക്കം തന്നെ പിഴച്ചു. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തറും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്.