ഗയാന: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ട്വന്റി 20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. 68 റൺസിനാണ് ഇന്ത്യയുടെ വിജയം.ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി.29ന് രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും( ഒൻപത് പന്തില്‍ 17) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്കിയപ്പോള് വിരാട് കോലി( ഒൻപത്), റിഷഭ് പന്ത്(നാല്), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ മൂന്ന് വിക്കറ്റെടുത്തു.
സ്പിന്നർമാരായ അക്ഷര്‍ പട്ടേലും കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത്. 19 പന്തിൽ 25 റണ്‍സെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ജോസ് ബട്ലർ (15 പന്തിൽ 23), ജോഫ്ര ആർച്ചർ (15 പന്തിൽ 21), ലിയാം ലിവിംഗ്സ്റ്റൻ (16 പന്തിൽ 11) എന്നിവരും ഇംഗ്ലിഷ് ബാറ്റിംഗ് നിരയിൽ രണ്ടക്കം കടന്നു. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ബട്ട്ലര്‍ പുറത്തായി. അഞ്ച് റണ്‍സുമായി ഫില്‍ സാള്‍ട്ട്, റണ്‍സൊന്നുമില്ലാതെ ജോണി ബെയര്‍സ്റ്റോ, എട്ട് റണ്‍സുമായി മോയിന്‍ അലി, രണ്ട് റണ്‍സുമായി സാം കറന് എന്നിവരെയെല്ലാം വേഗത്തില്‍ തന്നെ ഇന്ത്യന്‍ ബോളര്‍മാര്‍ പവലിയനിലേക്ക് മടക്കി. മെച്ചപ്പെട്ട പ്രകടനവുമായി ക്രീസിലുറച്ച ഹാരി ബ്രൂക്കിനെ കുല്‍ദീപ് യാദവ് പുറത്താക്കി. അക്ഷര്‍ പട്ടേലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.