രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തും. അതിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ 1800 വിശിഷ്ടാതിഥികൾ പങ്കെടുക്കും.
അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 1800 ഓളം പേർക്കാണ് ചെങ്കോട്ടയിലേക്ക് ക്ഷണം ലഭിച്ചത്. സാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഡൽഹിയിലും രാജ്യ വ്യാപകമായും ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി 3000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യദിനത്തിൽ കശ്മീരിൽ ഇന്റർനെറ്റ് നിരോധനം ഉണ്ടാകില്ല. എന്നാൽ, അനിഷ്ടകരമായ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രധാന വേദികളിലും ജമ്മു കശ്മീരിൽ ഉടനീളവും ത്രിതല സുരക്ഷാ സംവിധാനവും ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. 2005 നും 2021 നും ഇടയിൽ, എല്ലാ പ്രധാന ആഘോഷ ദിനങ്ങളിലും കശ്മീരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി നിരോധനം ഉണ്ടായിട്ടില്ല.