ലണ്ടന്‍: രണ്ടാം ഇന്നിങ്സിൽ ഓസീസ് നിരയിലെ വമ്പന്മാരെ എറിഞ്ഞിട്ട് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള മത്സരത്തിൽ തിരികെയെത്തി. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ് ഓസീസ്. മൂന്നാം ദിനം കളിനിർത്തുന്പോൾ ആകെ 296 റൺസ് ലീഡുള്ള ഓസീസിനെ നാലാം ദിനത്തിന്റെ തുടക്കത്തിൽ പിച്ചിൽ നിന്നുള്ള ആനുകൂല്യം മുതലെടുത്ത് 400 റൺസിന് താഴെ ഒതുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. നിലവില്‍ ലബുഷെയ്ന് 41 റണ്‍സുമായും 7 റണ്ണെടുത്ത് കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ട് .
ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 469ന് പുറത്തായപ്പോള്‍ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യക്കെതിരെ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയത്. രണ്ടാം ഇന്നിങ്സില്‍ തകര്‍ച്ചയോടെയായിരുന്നു ഓസ്ട്രേലിയ തുടങ്ങിയത്. ഒരു റണ്ണുമായി വാര്‍ണറും 13 റണ്‍സുമായി ഉസ്മാന് ഖവാജയും മടങ്ങി. ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാണ് വിക്കറ്റുകള്‍ നേടിയത്. പിന്നീട് സ്റ്റീവ് സ്മിത്തും മര്‍നെസ് ലബ്ഷെയ്നും ചേര്‍ന്ന് ഓസീസിന് മുന്നോട്ടു കൊണ്ടു പോയി. എന്നാല്‍ സ്കോര്‍ 86ല്‍ നില്‍ക്കെ സ്മിത്തിനെ മടക്കി ജഡേജ ഇന്ത്യയെ വീണ്ടും കളിയിലേക്ക് മടക്കി എത്തിച്ചു. 34 റണ്‍സാണ് ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറിക്കാരന്റെ സമ്പാദ്യം.
സ്കോര്‍ 100 കടന്നതിനു പിന്നാലെ ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറര്‍ ട്രാവിസ് ഹെഡ്ഡും മടങ്ങി. ജഡേജയാണ് ഇത്തവണയും താരമായത്. അജിന്‍ക്യ രഹാനെ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യന്‍ സ്കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. മൂന്നാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ ശ്രീകര്‍ ഭരതിനെ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. രഹാനെയ്ക്ക് കൂട്ടായി ശാര്‍ദുല്‍ എത്തിയതോടെ ഇന്ത്യ ട്രാക്കിലായി. ഉച്ച ഭക്ഷണത്തിന് കളി പുനരാരംഭിച്ചതിന് പിന്നാലെ ഇന്ത്യക്ക് രഹാനെയെ നഷ്ടമായി. താരം 129 പന്തില്‍ 89 റണ്‍സുമായി ടീമിന്റെ ടോപ് സ്കോററായി. 11 ഫോറും ഒരു സിക്സും സഹിതമാണ് രഹാനെ അര്‍ധ സെഞ്ച്വറി നേടിയത്. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിന് നഷ്ടമായത്.
ശാര്‍ദുല്‍ ഠാക്കൂര്‍ 51 റണ്‍സുമായി മടങ്ങി. താരം ആറ് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. ഏഴാം വിക്കറ്റില്‍ രഹാനെ- ശാര്‍ദുല്‍ സഖ്യം 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഓസ്ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. നതാന്‍ ലിയോണിനാണ് ഒരു വിക്കറ്റ്.