ന്യൂഡൽഹി: ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാൻ ഒരുങ്ങി ഇൻഡ്യ മുന്നണി. എല്ലാ പാർട്ടികളും ചടങ്ങ് ബഹിഷ്കരിച്ചേക്കും. ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദർശനം നടത്തുമെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു. അതേസമയം, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചടങ്ങിന് ആശംസ അറിയിച്ചു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നേരത്തെ കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. അയോധ്യയിൽ നടക്കുന്നത് ആർ.എസ്.എസ്-ബി.ജെ.പി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ക്ഷണം നിരസിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയ പരിപാടിയാക്കുന്നതിൽ പ്രതിഷേധിച്ച് നാല് ശങ്കരാചാര്യന്മാരും പ്രതിഷ്ഠാ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മതപരവും ആത്മീയവുമാകേണ്ട ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിനോടുള്ള വിയോജിപ്പാണ് വിട്ടുനിൽക്കുന്നതിലേക്ക് എത്തിച്ചത്. അയോധ്യയിൽ നടക്കുന്നത് ആചാര ലംഘനമാണെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇതേ വാദം ഉയർത്തിപ്പിടിച്ചാണ് ഇൻഡ്യ മുന്നണിയിലെ പാർട്ടികളും രംഗത്തുവന്നിട്ടുള്ളത്.