തിരുവനന്തപുരം : ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് രണ്ടാം മത്സരത്തിലും അടിതെറ്റി. ഇന്ത്യക്ക് 44 റൺസിന്റെ തകർപ്പൻ ജയം. മാർകസ് സ്റ്റോണിസ് (45), ക്യാപ്റ്റൻ മാത്യു വാഡെ (42), ടിം ഡാവിഡ് (37) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ഓസീസിനെ നാണംകെട്ട തോൽവിയിൽ നിന്നും രക്ഷിച്ചത്. ഇവരുടെ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ത്രേലിയയുടെ വേട്ട ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ അവസാനിച്ചു. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടക്കിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
തകർച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ട് ബാറ്റർമാരെ 39 റൺസിനിടെ നഷ്ടമായി. 10 പന്തിൽ നിന്ന് 19 റൺസെടുത്ത ഓപണർ മാത്യു ഷോട്ടാണ് ആദ്യം പുറത്തായത്. സ്കോർ ബോർഡിൽ നാല് റൺസ് കൂടി ചേർന്നപ്പോഴേക്കും വൺ ഡൗണായെത്തിയ ജോഷ് ഇംഗ്ലിസും കൂടാരം കയറി. തുടർന്നെത്തിയ മാക്സ് വെല്ലിനും തിളങ്ങാനായില്ല. എട്ട് പന്തിൽ 12 റൺസ് എടുത്തുനിൽക്കെ അക്സർ പട്ടേലിന്റെ പന്തിൽ യശസ്വി ജയ്സ്വാൾ പിടിച്ച് പുറത്ത്. തുടർന്ന് സ്കോർ 58ലെത്തിയപ്പോഴേക്കും ഏറെ പ്രതീക്ഷയോടെ മുന്നേറിയിരുന്ന സ്മിത്തും പവലിയനിലേക്ക്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ജയ്സ്വാളിന്റെ കൈകളിൽ കുരുങ്ങിയായിരുന്നു സ്മിത്തിന്റെയും മടക്കം.
പിന്നീട് ടിം ഡേവിഡും ക്യാപ്റ്റൻ മാത്യു വാഡെയും ചേർന്ന് ഇന്ത്യൻ താരങ്ങളുടെ മനസിൽ ഒരുവേള വിജയ നഷ്ടഭീതി സൃഷ്ടിച്ചെങ്കിലും 13.3 ഓവറിൽ ടോട്ടൽ 139ന് ഡേവിഡും പുറത്ത്. രവി ബിഷ്ണോയിയായിരുന്നു അന്തകൻ. 148ൽ എത്തിനിൽക്കെ സ്റ്റോണിസും കൂടാരം കയറി. പിന്നാലെ എത്തിയ മൂന്ന് പേർ തുടരെത്തുടരെ ക്രീസ് വിട്ടു. ഒന്ന് വീതം റൺസെടുത്ത സീൻ അബോട്ട്, നതാൻ എല്ലിസ്, ആദം സാംപ എന്നിവരെയാണ് ഒന്നിനു പിന്നാലെ ഒന്നായി ഓസീസിന് നഷ്ടമായത്.
ഒടുവിൽ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ വിജയലക്ഷ്യത്തിന്റെ 44 റൺസകലെ ഓസീസ് ഇന്ത്യക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു. നായകൻ വാഡെയും തൻവീർ സാംഘയും പുറത്താകാതെ നിന്നു. മൂന്ന് വീതം വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയിയുമാണ് കങ്കാരുപ്പടയുടെ നട്ടെല്ലൊടിച്ചത്. അർഷ്ദീപ് സിങ്, അക്സർ പട്ടേൽ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ, യശസ്വി ജയ്സ്വാളിന്റെയും ഋതുരാജ് ഗെയിക്വാദിന്റെും ഇഷാൻ കിഷന്റേയും അർധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് ഇന്ത്യ നേടിയത്. അവസാന ഓവറുകളിലെ റിങ്കു സിങ്ങിന്റെ വെടിക്കെട്ട് പ്രകടനവും ഇന്ത്യക്ക് ഗുണമായി.
ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ആസ്ട്രേലിയൻ നായകൻ മാത്യു വേഡിന്റെ കണക്ക് കൂട്ടലെല്ലാം ഇന്ത്യൻ ഓപ്പണർമാർ തെറ്റിച്ചു. യശസ്വി ജയ്സ്വാളാണ് കത്തിക്കയറിയത്. ആസ്ത്രേലിയൻ ബൗളർമാരെ പലവട്ടം അതിർത്തി കടത്തി. 25 പന്തിൽ നിന്ന് 53 റണ്സാണ് ജയ്സ്വാൾ നേടിയത്. പിന്നാലെ എത്തിയ കിഷനും വെറുതെ നിന്നില്ല. കാര്യവട്ടം സ്റ്റേഡിയത്തെ കിഷനും നന്നായി ഉപയോഗിച്ചു.
32 പന്തിൽ നിന്ന് മൂന്ന് ഫോറും നാല് സിക്സറും അക്കം 52 റൺസാണ് കിഷൻ നേടിയത്. 43 പന്തുകളിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 58 റൺസാണ് ഗെയിക്വാദ് നേടിയത്. അവസാനത്തിൽ റിങ്കു സിങ്ങിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യൻ സ്കോർ 230 കടത്തിയത്. വെറും ഒമ്പതു പന്തുകളിൽ നിന്ന് പുറത്താകാതെ 31 റൺസാണ് റിങ്കു അടിച്ചെടുത്തത്.