തിരുവനന്തപുരം: വിജയത്തുടർച്ച തേടി ഇന്ത്യ ഇറങ്ങുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴിനാണ് മത്സരം. ഓസ്ട്രേലിയയുമായുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ കളിയാണ്. ആദ്യത്തേത് ജയിച്ച ഇന്ത്യ അഞ്ചു മത്സരപരമ്പരയിൽ മുന്നിലാണ്.
സൂര്യകുമാർ യാദവും സംഘവും വിശാഖപട്ടണത്ത് രണ്ട് വിക്കറ്റിനാണ് ജയിച്ചത്. കാര്യവട്ടത്ത് മഴഭീഷണിയുണ്ട്. ലോകകപ്പ് തോൽവിയുടെ ആഘാതം ടീംഇന്ത്യയെയും ആരാധകരെയും വിട്ടൊഴിഞ്ഞിട്ടില്ല. എങ്കിലും വിശാഖപട്ടണത്ത് എല്ലാം കൈവിട്ടെന്ന് കരുതിയിടത്തുനിന്ന് ജയവുമായി കൊത്തിപ്പറക്കാനായി. ലോകകപ്പിൽ മങ്ങിയ സൂര്യകുമാർ ഫോം വീണ്ടെടുത്തത് നൽകുന്ന ആശ്വാസം ചെറുതല്ല.ഇന്ന് ബൗളിങ്ങിലും ഫീൽഡിങ്ങിലും വീര്യം വീണ്ടെടുക്കുകയാകും ലക്ഷ്യം. ഐപിഎല്ലിൽ മിന്നിയ യുവ പേസർമാർക്ക് ആദ്യകളിയിൽ പിഴച്ചിരുന്നു. മുകേഷ് കുമാർമാത്രമായിരുന്നു അപവാദം. സ്പിന്നർമാരായ രവി ബിഷ്ണോയ്ക്കും അക്സർ പട്ടേലിനും സ്വാധീനമുണ്ടാക്കാനായില്ല.
ടീമിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. ഒറ്റ കളികൊണ്ട് ടീംഘടന പൊളിക്കേണ്ടതില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം.അവസാന നിമിഷം കളി കൈവിട്ടതിന്റെ ഞെട്ടലിലാണ് ഓസീസ് ക്യാമ്പ്. എന്നാലും വിശാഖപട്ടണത്തിലെ പ്രകടനത്തിൽ അവർ സംതൃപ്തരാണ്. ബൗളിങ്നിരയിൽ മൂർച്ച കൂട്ടാനാണ് ശ്രമം. പരിചയസമ്പന്നനായ സ്പിന്നർ ആദം സാമ്പ ഇന്ന് കളിച്ചേക്കും. യുവതാരം തൻവീർ സംഗ പുറത്തിരിക്കും. ഗ്ലെൻ മാക്സ്വെൽ വിശ്രമം തുടരും. ബാറ്റർമാരിൽ സെഞ്ചുറിയടിച്ച ജോഷ് ഇൻഗ്ലിസാണ് തുറുപ്പുചീട്ട്. ഓപ്പണറായെത്തിയ സ്റ്റീവൻ സ്മിത്തിന്റെ തണുപ്പൻ ബാറ്റിങ് റൺനിരക്കിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഗ്രീൻഫീൽഡിലെ പിച്ച് ബാറ്റർമാർക്ക് അനുകൂലമാണ്. റണ്ണൊഴുകുമെന്നാണ് പ്രതീക്ഷ.