ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എന്‍ഡിഎക്ക് തിരിച്ചടിയുണ്ടാകും എന്ന വിലയിരുത്തലുമായി രാഷ്ട്രീയ നിരീക്ഷന് യോഗേന്ദ്ര യാദവ്. ദി പ്രിന്റിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ നേട്ടം കൊയ്യാനാകും എന്നും അദ്ദേഹം പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായിട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെ ഏറ്റവും കുറവ് മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത് അഞ്ചാം ഘട്ടത്തിലാണ്, 49 മണ്ഡലങ്ങള്‍. എന്നാല്‍ രാഹുല്‍ ഗാന്ധി, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ചിരാഗ് പാസ്വാന്, പിയൂഷ് ഗോയല്‍, രാജീവ് പ്രതാപ് റൂഡി, ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖര്‍ ജനവിധി തേടിയത് ഈ ഘട്ടത്തിലാണ്. 2019 ലെ വോട്ടെടുപ്പില്‍ 49 ല്‍ 39 സീറ്റും നേടിയത് എന്‍ ഡി എ ആയിരുന്നു.ബി ജെ പിക്ക് മാത്രം 32 സീറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇതുപോലൊരു വിജയം ബി ജെ പിക്ക് ലഭിക്കില്ല എന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്.
ഓരോ സംസ്ഥാനത്തേയും കണക്കുകള്‍ വെച്ചാണ് തന്റെ വാദം യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലേക്കായിരുന്നു അഞ്ചാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്. 2019 ല്‍ 13 സീറ്റില്‍ ബി ജെ പിയും ഒരു സീറ്റില്‍ കോണ്‍ഗ്രസുമായിരുന്നു ജയിച്ചത്. എന്നാല്‍ ഇത്തവണ ബി ജെ പിക്ക് ഇവിടെ എട്ട് സീറ്റേ ലഭിക്കൂ. കൗശംബി, ഫത്തേപുര്‍, ബണ്ഡ എന്നീ മണ്ഡലങ്ങളില്‍ എസ് പിക്കാണ് മേല്‍ക്കൈ. റായ്ബറേലിയിലും അമേഠിയിലും ബാരാബങ്കിയിലും കോണ്‍ഗ്രസിനാണ് സാധ്യത. ബിഹാറില്‍ അഞ്ച് സീറ്റിലേക്കായിരുന്നു ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്. 2019 ല്‍ ബി ജെ പിക്ക് ലഭിച്ച മൂന്ന് സീറ്റ് രണ്ടായി കുറയും. ജെ ഡി യു തങ്ങളുടെ രണ്ട് സീറ്റ് നിലനിര്‍ത്തുമ്പോള്‍ ശേഷിക്കുന്ന ഒരു സീറ്റ് ഇന്ത്യാ സഖ്യത്തിനായിരിക്കും.
അഞ്ചാം ഘട്ടത്തോടെ മഹാരാഷ്ട്രയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. അവസാന ഘട്ടം വിധിയെഴുതിയ 13 സീറ്റില്‍ ആറ് സീറ്റ് ബി ജെ പിക്കും അഞ്ച് സീറ്റ് എന്‍ ഡി എ.യുടെ മറ്റ് കക്ഷികളും നേടിയേക്കും. രണ്ട് സീറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യാ സഖ്യത്തിന് ഇവിടെ ലഭിക്കുക. ഒഡിഷയില്‍ 2019 ല്‍ അഞ്ചില്‍ മൂന്ന് സീറ്റ് ബി ജെ പിക്കും രണ്ടെണ്ണം ബി ജെ ഡിക്കുമായിരുന്നു. ഈ നില തുടരാനാണ് സാധ്യത. പശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യത്തിനാണ് മുന്‍തൂക്കം. ബരാക്പൂരിലും ഹൂഗ്ലിയിലും ബി ജെ പി അപകടത്തിലാണ്. പക്ഷേ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരാംബാഗ് പിടിച്ചെടുത്തേക്കാം. ജാര്‍ഖണ്ഡില്‍, ഒരു സിറ്റിംഗ് സിപിഐ (എംഎല്‍എല്‍) വിജയിക്കുമെന്ന് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു.