ന്യൂഡൽഹി : മണിപ്പുർ വിഷയം ചർച്ച ചെയ്യുന്നതിനായി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി പ്രതിപക്ഷ “ഇന്ത്യ’ സഖ്യം ഇന്ന് കൂടിക്കാഴ്ച നടത്തും. സഖ്യത്തിനുവേണ്ടി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് രാഷ്ട്രപതിയുടെ സമയം തേടിയത്. ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളും മണിപ്പുർ സന്ദർശിച്ച ഇന്ത്യ സഖ്യത്തിലെ 21 എംപിമാരും രാവിലെ 11ന് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യം തയാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. വിഷയത്തിൽ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടും. അതേസമയം, മണിപ്പുര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ബുധനാഴ്ച പ്രക്ഷുബ്ധമാകും. അവിശ്വാസ പ്രമേയ ചര്‍ച്ച വൈകുന്നതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ട്.