ന്യൂഡൽഹി: ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ കൺവീനറായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. സഖ്യത്തിന്റെ അധ്യക്ഷനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗയെ ചുമതലപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം വന്നിട്ടില്ല.
ഇന്ത്യ സഖ്യത്തിലെ നേതൃസ്ഥാനം സംബന്ധിച്ച് സ്വരച്ചേർച്ചകളുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ളവരെ പറ്റി സൂചനയും വരുന്നത്. ഇന്ന് സഖ്യത്തിന്റെ ഓൺലൈൻ യോഗം നടക്കും.നിതീഷ് കുമാർ പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള വ്യക്തിയാണെന്ന് ബീഹാറിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ മദന്‍ സാഹ്നി പറഞ്ഞതും ഏറെ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് നേതൃസ്ഥാനം സംബന്ധിച്ച ചർച്ചകളും സജീവമായത്. കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ മങ്ങലും പ്രതിപക്ഷ നേതൃസ്ഥാനം ആർക്ക് വേണമെന്നത് സംബന്ധിച്ച തർക്കം കടുപ്പിച്ചു. മാത്രമല്ല നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതോടെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി തങ്ങളാണെന്നാണ് അവകാശപ്പെട്ട് ആം ആദ്മിയും രംഗത്തെത്തിയിരുന്നു.