ന്യൂഡല്‍ഹി : അവസാന ഘട്ട വോട്ടെടുപ്പ് കൂടി ബാക്കി നില്‍ക്കെ, കൂടിയാലോചനകൾ സജീവമാക്കി ഇന്ത്യ മുന്നണി. ജൂൺ ഒന്നിന് ഇന്ത്യ മുന്നണി യോഗം ചേരും മുൻപേ തന്നെ മൂന്നുപാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള നീക്കത്തിലാണ് അവർ. ഇരുപക്ഷത്തും ചേരാതെ നില്ക്കുന്ന മൂന്ന് പാര്‍ട്ടികളുടെ പിന്തുണ കൂടി ഉറപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.
ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍സിപി, തെലങ്കാനയിലെ ബിആര്‍എസ് എന്നീ പാര്‍ട്ടികളുമായിട്ടാണ് ചര്‍ച്ച തുടങ്ങിയിട്ടുള്ളത്. ജൂണ്‍ നാലിന് ഫലം വന്ന ശേഷം തീരുമാനം അറിയിക്കാമെന്നാണ് ബിജെഡി പ്രതികരിച്ചതത്രെ. കേന്ദ്രത്തില്‍ ഏത് കക്ഷി ഭരിച്ചാലും ചേര്‍ന്ന് നില്ക്കുന്ന സമീപനമാണ് ബിജെഡിയുടേത്. എന്നാല്‍ ഇത്തവണ ബിജെപി-ബിജെഡി അകല്‍ച്ച വളരെ പ്രകടമാണ്. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുടെ നേതാക്കളാണ് മൂന്ന് പാര്‍ട്ടിയുടെയും നേതൃത്വവുമായി ചര്‍ച്ച നടത്തുന്നത്. ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണ് വരുന്നതെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം വേഗത്തിലാക്കും. ഇതുസംബന്ധിച്ച കാര്യങ്ങളും ജൂണ്‍ ഒന്നിലെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പിലെ പ്രകടനം, സര്‍ക്കാര്‍ രൂപീകരണം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജൂണ്‍ ഒന്നിലെ യോഗം എന്നാണ് അറിയുന്നത്.ആറ് ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ പിന്നാലെ 270 സീറ്റുകള്‍ പ്രതിപക്ഷം ഉറപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാന്‍ സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഈ ആത്മവിശ്വാസത്തിലാണ് തുടര്‍ നീക്കം. ബിജെപിക്ക് 200ലധികം സീറ്റ് ലഭിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. ബിജെപിയെ പുറത്താക്കാന്‍ ഏത് തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ട്ടിക്ക് ഒറ്റയ്ക്ക് 80-120 സീറ്റുകള്‍ കിട്ടുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍, ബിജെഡി, ബിആര്‍എസ്, വൈഎസ്ആര്‍സിപി എന്നിവര്‍ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം നോക്കിയ ശേഷമാകും ഇവരുടെ തീരുമാനം. ഇവരെ കൂടെ നിര്‍ത്താന്‍ ബിജെപിയും ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ സഖ്യം മനസിലാക്കുന്നു.