ന്യൂഡല്‍ഹി: യുപിക്കും മധ്യപ്രദേശിനും പിന്നാലെ ഡൽഹിയിലും ഇന്ത്യ മുന്നണി സീറ്റ് ധാരണയിലെത്തി. ഡൽഹിയിൽ ആകെയുള്ള 7 ലോക്സഭാ സീറ്റുകളിൽ നാലിൽ ആം ആദ്മി പാർട്ടിയും മൂന്നിൽ കോൺഗ്രസുമാകും മത്സരിക്കുക. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
അതേസമയം പഞ്ചാബിലും ഹരിയാനയിലും ആദ്മി ആദ്മി പാർട്ടിയും കോൺഗ്രസും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. പഞ്ചാബില്‍ 13 സീറ്റില്‍ എഎപി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു. ഉത്തർ പ്രദേശിലും മധ്യപ്രദേശിലും ഇന്ത്യ മുന്നണിയുടെ ഐക്യം ഉറപ്പിച്ച് സീറ്റ് ധാരണ പ്രഖ്യാപിച്ചിരുന്നു. യുപിയിൽ ഇന്ത്യ മുന്നണിയിലെ ഏറ്റവും നിർണായകമായ സഖ്യത്തിനു വഴിവെച്ച് ആകെയുള്ള 80 സീറ്റിൽ 17 എണ്ണം നൽകാമെന്ന എസ്പി നേതാവ് അഖിലേഷ് യാദവിന്റെ വാഗ്ദാനം കോൺഗ്രസ് അംഗീകരിച്ചു. എസ്പി 63 സീറ്റിൽ മത്സരിക്കും.
വാരാണസി, അമേഠി, റായ്ബറേലി, മഥുര, കാൻപുർ, ഫത്തേപുർ സിക്രി, ഝാൻസി ഉൾപ്പെടെയുള്ള സീറ്റുകളാണു കോൺഗ്രസിനു ലഭിച്ചത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെ കളത്തിലിറക്കിയേക്കും. യുപിയിലെ സഖ്യം മധ്യപ്രദേശിലേക്കും നീളും. അവിടെ ഖജുരാഹോ സീറ്റ് എസ്പിക്കു കോൺഗ്രസ് നൽകി.