ന്യൂഡല്‍ഹി: വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നേതാക്കള്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണണമെന്നും അതിന്റെ ഫലം ആദ്യം പ്രസിദ്ധപ്പെടുത്തണമെന്നുമുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. കഴിഞ്ഞ തവണ ഇത് പലതവണ തെറ്റിച്ചുവെന്നും അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി.”തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം പറയുന്നത് പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണേണ്ടത്, അവയുടെ ഫലം ഇവിഎം ഫലത്തിന് മുമ്പായി പ്രഖ്യാപിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് ഈ രീതി റദ്ദാക്കി, ഇത് ഗുരുതരമായതും വ്യക്തവുമായ നിയമ ലംഘനമാണ്. ”അഭിഷേക് സിങ്വി പറഞ്ഞു.
വോട്ടെണ്ണല്‍ നടപടികള്‍ ചിത്രീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും നേതാക്കള്‍ കമ്മിഷനുമായി ചര്‍ച്ച ചെയ്തു. ഇന്ത്യ മുന്നണിക്ക് പിന്നാലെ ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും പിയൂഷ് ഗോയലും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.