ന്യൂഡൽഹി: ജന്തർമന്ദിറിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി നടത്തിയ പ്രതിഷേധത്തിൽ അഖിലേഷ് യാദവ് അടക്കമുള്ള ‘ഇന്‍ഡ്യ’ സഖ്യ നേതാക്കള്‍ പങ്കെടുത്തത് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് കാരണമാകുന്നു. ‘ഇന്‍ഡ്യ’ സഖ്യത്തിലേക്ക് ജഗനെ കൊണ്ടുവരാനൊരുങ്ങുന്നു എന്ന നിലയ്ക്കാണ് നീക്കത്തെ വ്യാഖ്യാനിക്കുന്നത്.അതേസമയം വിഷയത്തില്‍ ജഗന് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ചന്ദ്രബാബു നായിഡു അധികാരമേറ്റതോടെ ആന്ധ്രാപ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നെന്നാരോപിച്ചായിരുന്നു മുന്‍മുഖ്യമന്ത്രി കൂടിയായ ജഗന് മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. അഖിലേഷ് യാദവാണ് ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ ആദ്യ ‘ഇൻഡ്യ’ സഖ്യ നേതാവ്. ശിവസേന (ഉദ്ധവ് താക്കറെ), എ.ഐ.എ.ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും ജഗന് പിന്തുണ അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും എത്തിയില്ല. ആന്ധ്രയിലെ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച അഖിലേഷ് യാദവ്, തന്നെ പ്രതിഷേധത്തിലേക്ക് ക്ഷണിച്ചതിന് ജഗനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ”ഇങ്ങനെയാരു ക്ഷണം എനിക്ക് ലഭിച്ചില്ലായിരുന്നുവെങ്കില്‍ ആന്ധ്രാപ്രദേശിൽ നടക്കുന്ന അക്രമസംഭവങ്ങളെക്കുറിച്ച് അറിയുമായിരുന്നില്ല. വൈ.എസ്.ആര് കോണ്‍ഗ്രസ് പ്രവർത്തകരെ ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശിലെ ജനങ്ങളിൽ ഭയം വളർത്താനുള്ള ശ്രമമാണ് ടി.ഡി.പിയുടെ പരിപാടി. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ട് ഇത് അവസാനിപ്പിക്കണം”- അഖിലേഷ് യാദവ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും ചന്ദ്രബാബു നായിഡുവിനോട് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. കഴിഞ്ഞ 45 ദിവസത്തിനിടെ ടി.ഡി.പി സർക്കാരിന് കീഴിൽ അഭൂതപൂർവമായ അക്രമപരമ്പരകള്‍ക്കാണ് ആന്ധ്രാപ്രദേശ് സാക്ഷ്യം വഹിച്ചതെന്ന് പ്രതിഷേധത്തിൽ സംസാരിച്ച ജഗൻ പറഞ്ഞു. ഭരണകക്ഷിയുടെ നേതാക്കളും പ്രവർത്തകരും വൈ.എസ്. ആര് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച് ജനങ്ങളിൽ വ്യാപകമായ ഭീതി പരത്തുകയാണെന്നും ജഗന് ആരോപിച്ചു. ആന്ധ്രയിലെ അക്രമങ്ങളിൽ ടി.ഡി.പി സർക്കാരിനെ വിമർശിച്ചാണ് ശിവസേന (യുബിടി) എം.പി സഞ്ജയ് റാവത്തും സംസാരിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വിശദമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് റാവത്ത് ആവശ്യപ്പെട്ടു.
വ്യാപകമായ അക്രമങ്ങളാണ് ആന്ധ്രയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ടി.ഡി.പി എം.എല്‍.എയുടെ പരാതിയില്‍ അടുത്തിടെ ജഗനെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനം ഭരിക്കുന്ന ടി.ഡി.പി, കേന്ദ്രസര്‍ക്കാറിലെ അനിവാര്യ പങ്കാളിയായതിനാല്‍ വലിയ ആശ്വാസമൊന്നും ജഗന് കേന്ദ്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഈയൊരു പശ്ചാതലത്തിലാണ് ‘ഇന്‍ഡ്യ’ സഖ്യം ജഗന്റെ പ്രതിഷേധ പന്തലിലേക്ക് എത്തുന്നത്. സമവാക്യങ്ങള്‍ മാറുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇനി നോക്കുന്നത്.
നിലവില്‍ 11 രാജ്യസഭാംഗങ്ങളും നാല് ലോക്സഭാ എം.പിമാരുമുണ്ടെങ്കിലും കേന്ദ്രത്തില്‍ ആര്‍ക്ക് പിന്തുണ കൊടുക്കുമെന്ന് ജഗന് മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ ബി.ജെ.പിയെ പിന്തുണക്കുന്ന നിലപാടാണ് ജഗന് സ്വീകരിച്ചിരുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിലും സമാന നിലപാടായിരുന്നു. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ ജഗന് എന്തെങ്കിലും ചാഞ്ചാട്ടം സംഭവിക്കുമോ എന്നാണ് അറിയേണ്ടത്.