ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്മയുടെ സീറ്റുചർച്ചകൾ പുരോഗമിക്കുന്നു. 40 സീറ്റുകളിൽ ഇതുവരെ ധാരണയായി. ശേഷിക്കുന്ന എട്ട് സീറ്റുകളിൽ ഒന്നിലേറെ പാർടികൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
നിലവിലെ ധാരണപ്രകാരം കോൺഗ്രസ് 14 സീറ്റിലും ശിവസേന ഉദ്ധവ് വിഭാഗം 15 സീറ്റിലും എൻസിപി പവാർ വിഭാഗം ഒമ്പത് സീറ്റിലും മത്സരിക്കും. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിയും രാജു ഷെട്ടിയുടെ സ്വാഭിമാനി ഷേത്കാരി പാർടിയും ഓരോ സീറ്റുകളിൽ മത്സരിക്കും. തർക്കമുള്ള സീറ്റുകളുടെ കാര്യത്തിൽ ചൊവ്വാഴ്ച കക്ഷി നേതാക്കൾ ചർച്ച നടത്തും.
സൗത്ത്സെൻട്രൽ മുംബൈ, നോർത്ത്വെസ്റ്റ് മുംബൈ, രാംതേക്, ഹിംഗോളി, ജൽന, ഷിർദി, ഭിവണ്ടി, വാർധ സീറ്റുകളിലാണ് ധാരണയാകാനുള്ളത്. പ്രകാശ് അംബേദ്കർ സീറ്റുചർച്ചകളിൽ പൂർണ തൃപ്തനല്ലെന്ന സൂചനയുണ്ട്. അഞ്ച് സീറ്റാണ് പ്രകാശ് അംബേദ്കർ താൽപ്പര്യപ്പെടുന്നത്. തർക്കമുള്ള സീറ്റുകളുടെ കാര്യത്തിൽ ധാരണയിൽ എത്തുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഉദ്ധവ് താക്കറെയുമായും ശരത് പവാറുമായും ഫോണിൽ സംസാരിച്ചിരുന്നു.എൻസിപിയുടെയും ശിവസേനയുടെയും പിളർപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ മഹാരാഷ്ട്രയിൽ ലോക്സഭാ പോരിന് വീര്യം കൂടും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുതിർന്ന നേതാക്കളായ അശോക് ചവാനും മിലിന്ദ് ദേവ്റയും പാർടി വിട്ടത് കോൺഗ്രസിന് ക്ഷീണമായിട്ടുണ്ട്.
2019 ലെ തെരഞ്ഞെടുപ്പിൽ ശിവസേന ബിജെപിയുമായി സഖ്യത്തിലായിരുന്നു. ആകെയുള്ള 48 സീറ്റിൽ ശിവസേനയ്ക്ക് 18 ഉം ബിജെപിക്ക് 23 ഉം സീറ്റ് ലഭിച്ചു. കോൺഗ്രസ് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെട്ടപ്പോൾ എൻസിപിക്ക് അഞ്ച് സീറ്റ് ലഭിച്ചു.