മൊഹാലി: അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശർമയുടെ കീഴിൽ ഇന്ത്യൻ ടീം 20-20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചേക്കും.
പഞ്ചാബിലെ മൊഹാലിയിൽ വൈകീട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. എന്നാൽ മകളുടെ പിറന്നാളായതിനാൽ സൂപ്പർ താരം വിരാട് കോഹ്ലി ഇന്ന് കളിക്കില്ല. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയും യശസ്വി ജയ്സ്വാളുമായിരിക്കും ഇന്നിങ്സ് ഓപൺ ചെയ്യുകയെന്ന് കോച്ച് ദ്രാവിഡ് അറിയിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇൻഡോറിലും ബെംഗളൂരുവിലും നടക്കുന്ന മറ്റു രണ്ടു മത്സരങ്ങളിൽ കോഹ്ലി തിരിച്ചെത്തും.
2022 നവംബറിലാണ് കോഹ്ലി അവസാനമായി ട്വന്റി 20 മത്സരം കളിച്ചത്. അഫ്ഗാനെതിരായ പരമ്പര ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാനത്തെ പരമ്പരയാണ്. അതിനാൽ തന്നെ ടീം സെലക്ഷനെയുൾപ്പെടെ പരമ്പര സ്വാധീനിക്കും.
അതേസമയം, അഫ്ഗാന്റെ ലോകോത്തര സ്പിന്നർ റാഷിദ് ഖാന് പരിക്ക് മൂലം പരമ്പരയിൽ കളിക്കാനാവാത്തത് വലിയ ക്ഷീണമാകും. നവംബറിൽ നടുവിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റാഷിദ് ഖാൻ പൂർണമായും ഫിറ്റ്നസ് കൈവരിച്ചിട്ടില്ല. ലോകക്രിക്കറ്റിലെ അപകടകാരിയായ ബൗളർമാരിൽ ഒരാളായ റാഷിദ് ഖാന്റെ അഭാവം ഇന്ത്യക്ക് ആശ്വാസമാണ്.