പോര്‍ട് ഓഫ് സ്പെയിന് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്കോറിനായി ഇന്ത്യ പൊരുതുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയില്‍. ടോസ് നേടി വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള 100ാം ടെസ്റ്റ് മത്സരമെന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്. കളി അവസാനിക്കുമ്പോള്‍ 87 റണ്‍സുമായി വിരാട് കോഹ്ലിയും 36 റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍ തുടരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും അര്‍ധ സെഞ്ച്വറി നേടി. യശസ്വി ജയ്സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് സഖ്യം രണ്ടാം പോരിലും മികച്ച തുടക്കം നല്കി. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. രോഹിത് 80 റണ്‍സും യശസ്വി 57 റണ്‍സും എടുത്തു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 139 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ശുഭ്മാന്‍ ഗില്‍, അജിന്‍ക്യ രഹാനെ എന്നിവര്‍ നിരാശപ്പെടുത്തി. ഗില്‍ പത്ത് റണ്‍സുമായും രഹാനെ എട്ട് റണ്‍സുമായും പുറത്തായി. ലഞ്ചിനു പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 121 റണ്‍സെന്ന നിലയിലായിരുന്നു. ലഞ്ചിനു പിന്നാലെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി ജാസന്‍ ഹോള്‍ഡറാണ് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. യശസ്വിയാണ് ആദ്യം മടങ്ങിയത്. കെമര്‍ റോച്, ഷാനോന്‍ ഗബ്രിയേല്‍, ജോമല്‍ വാറിക്കന്‍, ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.