മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്സില്‍ അവര്‍ 219 റണ്‍സിനു പുറത്തായിരുന്നു. ഇന്ത്യ 406 റണ്‍സെന്ന മികച്ച സ്കോറും പടുത്തുയര്‍ത്തി. 187 റണ്‍സ് ലീഡാണ് ഇന്ത്യക്ക്.
നിലവില്‍ ഓസീസിനു 46 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. നാളെ ആദ്യ സെഷനില്‍ തന്നെ അഞ്ച് വിക്കറ്റുകളും വീഴ്ത്തി വിജയത്തിനായി ബാറ്റ് വീശുകയായിരിക്കും ഇന്ത്യന്‍ ലക്ഷ്യം. ഇംഗ്ലണ്ട് ടീമിനെതിരായ ചരിത്ര ടെസ്റ്റ് വിജയത്തിനു പിന്നാലെ ഓസീസിനെ കീഴടക്കി മറ്റൊരു ഉജ്ജ്വല വിജയം നേടാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നിലുള്ളത്.
കളി നിര്‍ത്തുമ്പോള്‍ 12 റണ്‍സുമായി അന്നബെല്‍ സതര്‍ലാന്‍ഡും 7 റണ്‍സുമായി ആഷ്ലി ഗാര്‍ഡ്നറുമാണ് ക്രീസില്‍.
തഹില മഗ്രാത്ത് (73) അര്‍ധ സെഞ്ച്വറിയുമായി ടീമിനെ കാത്തു. മഗ്രാത്തിനു പുറമെ ക്യാപ്റ്റന്‍ അലിസ്സ ഹീലി (32), ഓപ്പണര്‍ ബെത് മൂണി (33), ഫോബെ ലിച്ഫില്‍ഡ് (18), എല്ലിസ് പെറി (45) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസ് നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍.
ഇന്ത്യക്കായി സ്നേഹ് റാണ, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തിയത്. 78 റണ്‍സെടുത്ത ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സ്മൃതി (74), ജെമിമ റോഡ്രിഗസ് (73), റിച്ച ഘോഷ് (52) എന്നിവരും അര്‍ധ സെഞ്ച്വറി നേടി. പൂജ വസ്ത്രാകറും (47) സ്കോറിലേക്ക് സംഭാവ നല്കി. രേണുക സിങ് (8) ആണ് അവസാനം പുറത്തായത്. രാജേശ്വരി ഗെയ്ക്വാദ് റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.
ഒന്നാം ദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്. രണ്ടാം ദിനത്തില്‍ രാത്രി കാവല്‍ക്കാരി സ്നേഹ് റാണയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. താരം 9 റണ്‍സെടുത്തു മടങ്ങി.
ഒരു ഭാഗത്ത് നിലയുറപ്പിച്ചു ബാറ്റ് വീശിയ സ്മൃതി മന്ധാനയുടെ വിക്കറ്റാണ് മൂന്നാമതായി നഷ്ടമായത്. 12 ഫോറുകള്‍ സഹിതമാണ് സ്മൃതി 74 റണ്‍സെടുത്തത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (0), യസ്തിക ഭാട്ടിയ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഷഫാലി വര്‍മയുടെ (40) വിക്കറ്റ്് ഇന്ത്യക്ക് ഇന്നലെ നഷ്ടമായിരുന്നു. താരത്തെ ജെസ് ജോണ്സന് വിക്കറ്റിനു മുന്നില്‍ കുരുക്കി. എട്ട് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഓസീസിനായി ആഷ്ലി ഗാര്‍ഡ്നര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത്, അന്നബെല്‍ സതര്‍ലാന്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ പൂജ വസ്ത്രാകര്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണ, രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ ദീപ്തി ശര്‍മ എന്നിവരുടെ ബൗളിങാണ് ഒതുക്കിയത്.
50 റണ്‍സെടുത്ത തഹില മഗ്രാത്ത് 40 റണ്‍സെടുത്ത ബെത് മൂണി, 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ ഹീലി എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് പുറത്താകാതെ നിന്നു 28 റണ്‍സെടുത്ത കിം ഗാര്‍തിന്റെ ബാറ്റിങാണ് സ്കോര്‍ 200 കടത്തിയത്.