ന്യൂഡല്‍ഹി : സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. മിഡില്‍ ക്ലാസിനെ സഹായിക്കാന്‍ ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. പുതിയ നികുതി സ്കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ആദായ നികുതി ഘടന ലളിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി ബില്‍. 1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിന് പകരമായി വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ നികുതി ഘടന ലഘൂകരിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുക എന്നും ധനമന്ത്രി പറഞ്ഞു.
നിലവിലെ നികുതി ചട്ടക്കൂട് ലളിതമാക്കാനും ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണ്ണത 60% വരെ കുറയ്ക്കാനും നികുതിദായകര്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമാക്കാനും ഉദ്ദേശിച്ചുള്ളതിനാല്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രാധാന്യമര്‍ഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.