മാനന്തവാടി : മാനന്തവാടി പുൽപ്പള്ളി റോഡിലൂടെ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഘത്തിന്റെ കാർ കസ്റ്റഡിയിലെടുത്തു.
കണിയാമ്പറ്റയിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. നാല് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.
കൂടൽകടവ് ചെമ്മാട് നഗറിലെ മാതനോടാണ് ക്രൂരത കാട്ടിയത്. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അരകിലോമീറ്ററോളമാണ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്.
ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതന്. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്.
കാറിൻ്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് മാതനെ, മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ കാറിലുള്ളവർ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മാനന്തവാടി പൊലീസ് വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.