കണ്ണൂര്‍ : വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍നിന്ന് ഒരു കോടി രൂപയും 300 പവനും കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍. കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളന് ഇതേവീട്ടില് കയറിയതിന്റെസിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രണ്ടാം ദിവസവും വീട്ടില്‍ ആള് ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവരാണെന്നാണ് പൊലീസ് സംശയം.
കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കര്‍ണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും ഇയാള്‍ക്ക് കൃത്യമായ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വീടിന് അകത്ത് നിന്ന് ലഭിച്ച ഉളിയും 16 കൈ വിരല്‍ അടയാളങ്ങളും കേസില്‍ നിര്‍ണായകമായേക്കും. വീട്ടിനുള്ളിലെ മറ്റൊന്നും നശിപ്പിക്കാത്തതും അലമാരകള്‍ മാത്രം കൊള്ളയടിച്ച സാഹചര്യത്തിലാണ് സംഭവം ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്നത്. മൂന്നു മോഷ്ടാക്കള്‍ മതില് ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയര്‍ന്നത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടില്‍ കവര്‍ച്ച നടന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നിരിക്കുന്നത്. മൂന്നംഗ സംഘം എത്തി കവര്‍ച്ച നടത്തിയെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
കേസില്‍ മനുഷ്യവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ധിക്കുന്ന മോഷണ ഭീതി അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് പൊലീസ് മേധാവിക്ക് കമ്മീഷന് നിര്‍ദേശം നല്കി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. വളപട്ടണം മോഷണത്തെ തുടര്‍ന്ന് കമ്മീഷന് സ്വമേധയാ എടുത്ത കേസിലാണ് നടപടി.