കൊച്ചി : എറണാകുളം മഹാരാജാസ് കോളജ് ക്ലാസ് മുറിയില്‍ കാഴ്ചപരിമിതനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തില്‍ അധ്യാപകന് കോളജ് അധികൃതര്‍ക്ക് നല്കിയ പരാതി, എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകനില്‍ നിന്നും മൊഴി രേഖപ്പെടുത്താനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിവര ശേഖരണം നടത്താനുമാണ് പോലീസിന്റെ തീരുമാനം. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി നിയമോപദേശം തേടിയ ശേഷമാകും പരാതിയില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് തീരുമാനമെടുക്കുക.
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രഫസര്‍ ഡോ. സി.യു.പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കാഴ്ചപരിമിതിയുള്ള ഇദ്ദേഹം ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നില്‍ക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു.
ചില വിദ്യാര്‍ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇത് മറ്റൊരു വിദ്യാര്‍ഥി ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യം ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
സംഭവമറിഞ്ഞയുടന്‍ ഉടന്‍ പ്രിയേഷ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് കൗണ്‍സിലിലും പരാതി സമര്‍പ്പിച്ചു. തുടര്‍ന്ന് കോളജിലെ കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എ.മുഹമ്മദ് ഫാസില്‍, വി.രാഗേഷ്, എന്‍.ആര്.പ്രിയത, എം.ആദിത്യ, നന്ദന സാഗര്‍, ഫാത്തിമ നഫ്ലം എന്നിവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ കോളജ് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.