എറണാകുളം : കൂത്താട്ടുകുളത്ത് ഇടത് കൗൺസിലറെ സിപിഐഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കൂടുതൽ വകുപ്പുകൾ ഇന്ന് കൂട്ടിച്ചേർക്കും. നിലവിൽ അന്യായമായി സംഘം ചേർന്ന് പ്രകോപനമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് 45 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെത്തിയ അന്വേഷണ സംഘം കലാരാജുവിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കലുൾപ്പെടെയുളള കൂടുതൽ വകുപ്പ് ചുമത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അതിക്രമം കാണിച്ചവരെ കണ്ടെത്താനുളള നടപടിക്കും തുടക്കമിടും. കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാരോപിച്ച് നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെ പത്തുപേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ദേഹാസ്വസ്ഥ്യം മൂലം പലരും ആശുപത്രിയിൽ ചികിത്സതേടിയെന്നും ഇവരുടേതുടൾപ്പടെ മൊഴിയെടുത്ത ശേഷം യുഡിഎഫ് പ്രവർത്തകർക്ക് എതിരെയും ഇന്ന് പൊലീസ് കേസെടുക്കും. പ്രതിപ്പട്ടികയിലുളളവരെ മുഴുവൻ തിരിച്ചറിഞ്ഞ ശേഷം തുടർനടപടിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങൾ. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എൽഡിഎഫ് കൗൺസിലർ കലാരാജുവിനെ സിപിഐഎം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം സിപിഐഎം ഓഫീസിൽനിന്നാണ് കൗൺസിലർ കലാരാജു പുറത്തുവന്നത്.