പത്തനംതിട്ട : തീർഥാടക തിരക്ക് ഏറിയതിന് പിന്നാലെ ശബരിമലയിൽ പോലീസ് നിയന്ത്രണങ്ങൾ വീണ്ടും പാളി. പമ്പയിൽ വടം കെട്ടിയാണ് തീർഥാടകരെ നിയന്ത്രിക്കുന്നത്. മരക്കൂട്ടത്തും സ്ഥിതി വ്യത്യസ്തമല്ല.
നിലയ്ക്കൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഉള്ള വാഹന നിയന്ത്രണവും തീർഥാടകർക്ക് ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പിനെ തുടർന്ന് തീർഥാടകരുടെ ഇടയിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പതിനെട്ടാം പടികടന്ന് മണിക്കൂറിൽ 4500 അധികം പേരാണ് ദർശനം നടത്തിയത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ കയറ്റുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പതിനെട്ടാം പടിയിൽ ഭക്തരെ കയറ്റുന്നതിന്റെ വേഗം പരമാവധി കൂട്ടി, തിരക്ക് നിയന്ത്രിക്കാനാണ് പോലീസിന്റെ ശ്രമം. ഒരു മിനിറ്റിൽ 75ലധികം ഭക്തരാണ് പതിനെട്ടാം പടി കയറുന്നത്.
ഇന്നും 80,000 ത്തിൽ അധികം പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. തിങ്കളാഴ്ച ദർശനം നടത്താൻ പറ്റാതെ പോയ ആയിരക്കണക്കിന് ഭക്തർ പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധയിടങ്ങളിൽ വിശ്രമിച്ചു.
സന്നിധാനത്തെ ഫ്ലൈ ഓവറിലും പോലീസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള വഴിയിൽ പോടൻ പ്ലാവിൽ പുലർച്ചെ രണ്ടിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി പാത സഞ്ചാരയോഗ്യമാക്കി.
അതേസമയം, തിരക്ക് വർധിച്ചതിനെ തുടർന്ന് എരുമേലിയിൽ തീർഥാടകരും പോലീസും തമ്മിൽ തർക്കമുണ്ടായി. രാവിലെ മുതൽ ശബരിമലയ്ക്കുള്ള തീർഥാടക വാഹനങ്ങൾ പാർക്കിംഗ് മൈതാനങ്ങളിൽ പോലീസ് തടഞ്ഞിരുന്നു.
ഇതിനിടെ കേരള റജിസ്ട്രേഷനുള്ള ശബരിമല വാഹനങ്ങൾ പോകാൻ അനുവദിച്ചെന്നു പറഞ്ഞ് ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ തീർഥാടകർ കേരള റജിസ്ട്രേഷൻ വാഹനങ്ങൾ തടയുകയായിരുന്നു.
നിലയ്ക്കലിൽ തിരക്ക് വർധിച്ചതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം വന്നതിനെ തുടർന്നാണ് എരുമേലിയിൽ തീർഥാടക വാഹനങ്ങൾ തടഞ്ഞത്.