പത്തനംതിട്ട : പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്തു എറിഞ്ഞതായി പരാതി. പത്തനംതിട്ട ചെന്നീർക്കര ആറാം വാർഡ് മെമ്പർ ബിന്ദു ടി ചാക്കോയാണ് ഇലവുതിട്ട പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ പ്രദേശത്ത് പെരുമ്പാമ്പിനെ കണ്ടുവെന്നും വനം വകുപ്പിനെ അറിയിക്കണമെന്നും നാട്ടുകാരിൽ ചിലർ മെമ്പറിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വനപാലകർ എത്താൻ വൈകിയതോടെ പെരുമ്പാമ്പിനെ പിടികൂടി ഒരു സംഘം ചാക്കിൽ കെട്ടി മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളുകയായിരുന്നു. സംഭവസമയം മെമ്പറും പ്രായമായ മാതാവുമുൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. ആകെ ഭയന്നു പോയെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
പെരുമ്പാമ്പിനെ കണ്ട സമയത്ത് മെമ്പർ വനപാലകരെ വിളിച്ചെങ്കിലും അവർ എത്താൻ വൈകിയതോടെയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്നാണ് പൊലീസ് നിഗമനം. എന്നാൽ വിവരം കിട്ടിയ ഉടൻ വനപാലകരെ അറിയിച്ചിരുന്നു എന്നും അവർ 12.20 ഓടെ സംഭവ സ്ഥലത്തെത്തിയിരുന്നെന്നും മെമ്പർ പറഞ്ഞു.
ഇതിനിടെയാണ് സംഘം പെരുമ്പാമ്പിനെ ചാക്കിലാക്കി മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളിയത്. പെരുമ്പാമ്പിനെ പിന്നീട് വനപാലകർ മെമ്പറുടെ വീട്ടിലെത്തി ഏറ്റെടുത്തു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിന്ദു അറിയിച്ചു.