കോഴിക്കോട് : യുവതി വിഴുങ്ങിയ പപ്പടക്കോൽ വായിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇരുമ്പുകൊണ്ടുള്ള പപ്പടക്കോൽ ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തത്.
മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശിയായ യുവതിയാണ് പപ്പടക്കോൽ വിഴുങ്ങിയത്. അന്നനാളത്തിലൂടെ പോയി ഇടതുശ്വാസകോശം തുരന്ന് ആമാശയത്തിൽ ഉറച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയാണെങ്കിൽ അതി സങ്കീർണമായി ഒരു ഭാഗം മൊത്തം തുറക്കേണ്ടതായി വരും. വിജയസാധ്യതയും കുറവാണ്.
ഇതോടെയാണ് ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കാൻ തീരുമാനിക്കുന്നത്. ഫൈബർ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എൻഡോസ്കോപ്പി, ഡയറക്ട് ലാറിങ്കോസ്കോപ്പി എന്നീ ആധുനിക ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇഎൻടി, അനസ്തീസിയ, കാർഡിയോ തൊറാസിക് സർജറി, ജനറൽ സർജറി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പപ്പടക്കോൽ വിജയകരമായി പുറത്തെടുത്തത്.
യുവതി അപകടനില പൂർണമായി തരണം ചെയ്തിട്ടില്ല. ആന്തരിക രക്തസ്രീവമുണ്ടോ എന്ന് നിരീക്ഷിക്കാനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.