കാസര്‍ഗോഡ് : കുമ്പളയില്‍ അപകടമരണത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് നേരെ വധഭീഷണിയെന്ന് പരാതി. എസ്ഐ രഞ്ജിത്തിന്റെ വാടക ക്വാര്ട്ടേസിലെത്തി യുവാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
എസ്ഐയുടെ പിതാവ് നല്കിയ നല്കിയ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലീസ് പിന്തുടര്ന്നതിനേ തുടര്‍ന്നുണ്ടായ അപകടത്തില്‍ 17 വയസുകാരന് മരിച്ചത്. മംഗളൂരുവില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു മരണം.
സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളെ പോലീസ് തടയുകയും വിദ്യാര്‍ഥികള്‍ വെപ്രാളത്തില്‍ വാഹനമെടുത്ത് പോവുകയുമായിരുന്നു. എന്നാല്‍ പോലീസ് വാഹനം കാറിനെ പിന്തുടരുകയായിരുന്നുവെന്നും കുമ്പള കളത്തൂര്‍ പള്ളത്ത് വെച്ച് കാര്‍ അപകടത്തില്പെടുകയുമായിരന്നുവെന്നുമാണ് ആരോപണം.
സംഭവത്തില്‍ എസ്ഐ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റിയിരുന്നു.