ന്യൂഡല്‍ഹി : അയോധ്യ വിധി എകകണ്ഠമായത് എങ്ങനെയെന്ന് വിശദികരിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ചരിത്രവും കാഴ്ചപ്പാടുകളും മനസിലാക്കിയാണ് ഒരേസ്വരത്തില്‍ വിധി പറഞ്ഞത്. വിധിന്യായം എഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു. പിടിഐക്ക്് നല്കിയ അഭിമുഖത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ചന്ദ്രചൂഡ്
അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചായിരുന്നു അയോധ്യക്കേസില്‍ വിധി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നായിരുന്നു വിധി. സുന്നി വഖഫ് ബോര്‍ഡിന് നഗരത്തില്‍തന്നെ സുപ്രധാനമായ സ്ഥലത്ത് പള്ളിപണിയാന്‍ അഞ്ചേക്കര്‍ അനുവദിക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു.
വിധിന്യായത്തില്‍ അഞ്ചു ജഡ്ജിമാരുടെയും പേരുണ്ടെങ്കിലും അത് എഴുതിയതാര് എന്നു വ്യക്തമാക്കിയിരുന്നില്ല. ഇതു പതിവുള്ളതല്ല. സാധാരണഗതിയില്‍ പ്രധാനവിധിയോടു വിയോജിച്ചും അനുകൂലിച്ചുമാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍ പ്രത്യേക വിധിയെഴുതുന്നതെങ്കില്‍ അയോധ്യ കേസില്‍ അതും തിരുത്തപ്പെട്ടു. വിധിയോടു യോജിച്ചുതന്നെ, തനിക്കു കൂടുതലായി പറയാനുള്ള കാരണങ്ങള്‍ എന്ന നിലയ്ക്ക് ഒരു ജഡ്ജി അനുബന്ധമെഴുതി. അതാരാണെന്നും വ്യക്തമാക്കിയിരുന്നില്ല. 2019 നവംബര്‍ ഒമ്പതിനായിരുന്നു അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധിപറഞ്ഞത്.