തിരുവനന്തപുര: പി എസ് സി നടത്തിയ കേരള സർവകലാശാല ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെ ആൾമാറാട്ടം. പരീക്ഷ ഹാളിനുള്ളിൽ ബയോമെട്രിക് പരിശോധന തുടങ്ങിയതോടെ വേഷം മാറി എത്തിയ യുവാവ് ഇറങ്ങി ഓടി. മതിൽ ചാടി ബൈക്കിൽ രക്ഷപെട്ടു.തിരുവനന്തപുരം പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിലെ പരീക്ഷാഹാളിലാണ് തട്ടിപ്പ് ശ്രമം നടന്നത്.
നേമം സ്വദേശിയാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. അമൽജിത്ത് എന്നയാളാണ് ഇതു പ്രകാരം റജിസ്റ്റർ നമ്പറിൽ എത്തേണ്ടിയിരുന്നത്. പകരം എത്തിയയാൾ സംശയം ഉയർന്നതോടെ ഓടി രക്ഷപെടുകയായിരുന്നു എന്ന് പിഎസ്സി അധികൃതർ വ്യക്തമാക്കി. അമൽജിത്തിൻ്റെ ഹാൾടിക്കറ്റും ഐഡിയുമാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നതെന്ന് പരിശോധന നടത്തിയ അധ്യാപിക വ്യക്തമാക്കി. പൊലീസ് ഇരുവരെയും തിരയുകയാണ്. ആദ്യമായാണ് കേരള പി എസ് സി ബയോമെട്രിക് പരിശോധന ഏർപ്പെടുത്തി ഉദ്യോഗാർഥിയെ തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തിയത്.
പിഎസ്സിയുടെ വിജിലൻസ് വിഭാഗവും സ്ഥലത്തുണ്ടായിരുന്നു. ആൾമാറാട്ടം തടയുന്നതിനായി ബയോമെട്രിക് സംവിധാനവും പരീക്ഷ ഹാളിൽ ഒരുക്കിയിരുന്നു. നേമം സ്വദേശിയായ ആളുടെ ഹാൾടിക്കറ്റുമായിട്ടാണ് ഇയാൾ എത്തിയത്. തൊട്ടടുത്ത ആളുടെ വിരലടയാള പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ ഇറങ്ങിയോടിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഇറങ്ങിയോടിയതെന്നാണ് അധികൃതർ സംശയിക്കുന്നത്. സ്കൂളിന്റെ മതിൽ ചാടി ഓടിയ ഇയാൾ ഒരു ബൈക്കിൽ കയറിയാണ് രക്ഷപെട്ടത്.
സ്കൂൾ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനതതിലാണ് പ്രാഥമിക വിവരശേഖരണം നടത്തിയിരിക്കുന്നത്. പിഎസ്സിയുടെ രേഖാമൂലമുള്ള പരാതി ലഭിച്ചാൽ മാത്രമേ കൂടുതൽ ന്വേഷണം നടത്താൻ സാധിക്കൂ. ഹാൾടിക്കറ്റിലെ ആളുടെ വിവരങ്ങളാണ് ഇപ്പോൾ ശേഖരിച്ചിരിക്കുന്നത്. ആൾമാറാട്ടത്തിനുള്ള ശ്രമം നടന്നു എന്ന കാര്യം ഇപ്പോൾ സ്ഥിരീകരിക്കുന്നുണ്ട്.