വാഷിങ്ടൻ: 2024ൽ ഇന്ത്യ 6.8 ശതമാനം വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണ്യനിധി ( ഐഎംഎഫ്). രാജ്യത്തിനകത്ത് വിവിധ മേഖലയിൽ ഡിമാൻഡ് വർധിച്ചതും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയുമാണ് കാരണമായി പറയുന്നത്. 6.5 ശതമാനം വളർച്ച നേടുമെന്നാണ് ജനുവരിയിൽ ഐഎംഎഫ് കണക്കാക്കിയിരുന്നത്. ഇതോടെ ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായും ഇന്ത്യ മാറും.
അടുത്ത വർഷം ഇന്ത്യ പ്രതീക്ഷിക്കുന്ന വളർച്ച 6.5 ശതമാനമാണ്. ചൈന ഈ വർഷം 4.6 ശതമാനം വളർച്ചയാവും നേടുക. അടുത്ത വർഷം ഇത് 4.1 ശതമാനവും. ആഗോള സാമ്പത്തിക വളർച്ച 3.2 ശതമാനമായി തുടരും. അതേസമയം, ഏഷ്യൻ രാജ്യങ്ങളുടെ മൊത്തം വളർച്ചയിൽ നേരിയ കുറവുണ്ടാകുമെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ നയങ്ങൾ രൂപീകരിക്കുന്നതിൽ രാജ്യങ്ങൾക്ക് പ്രത്യേകം ശ്രദ്ധ വേണമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു.
2022ൽ കുതിച്ചു കയറിയ നാണ്യപ്പെരുപ്പം കുറഞ്ഞ് തുടങ്ങിയത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്. ഈ വർഷം 2.8 ശതമാനത്തിലും അടുത്ത വർഷം 2.4 ശതമാനത്തിലും എത്തുമെന്ന് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഗോള വളർച്ച 3.2 ശതമാനമായി തുടരുമെന്ന് കണക്കാക്കുന്നത്.