ന്യൂഡല്‍ഹി : മഥുരയിലെ കൃഷ്ണജന്മഭൂമിക്ക് സമീപത്തെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് തടഞ്ഞ് സുപ്രീംകോടതി. അനധികൃത കയ്യേറ്റങ്ങള്‍ ആണെന്നാരോപിച്ചാണ് റെയില്‍വേ അധികൃതര്‍ വീടുകള്‍ ഇടിച്ചു നിരത്തിയത്.
ഇടിച്ചു നിരത്തല്‍ 10 ദിവസത്തേക്ക് തടഞ്ഞാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്താനും കോടതി റെയില്‍വേ അധികൃതരോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍, എസ് വി ഭട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്കി. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നൂറോളം വീടുകളാണ് റെയില്‍വേ അധികൃതര്‍ ഇടിച്ചു നിരത്തിയതെന്ന് പരാതിക്കാരനായ യാക്കൂബ് ഷാ കോടതിയെ അറിയിച്ചു.
റെയിൽവേയുടെ ഭൂമിയിൽ അനധികൃതമായി താമസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കുടിലുകൾ ഇടിച്ചു നിരത്തിയത്. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന നയി ബസ്തി പ്രദേശത്തെ കുടിലുകളാണ് പൊളിച്ചത്. റെയിൽവേയുടെ ഭൂമിയിൽ വീടുകെട്ടി താമസിക്കുന്നത് അനധികൃതമാണെന്ന് കാണിച്ച് താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നു.