പാരിസ് : ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്റെ ഇഗ സ്യാതെക്ക് ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി . 43–ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക് താരം മുച്ചോവയെ 6–2, 5–7, 6–4 സ്കോറിനാണ് ഇഗ പരാജയപ്പെടുത്തിയത്. ഇഗയുടെ നാലാം ഗ്രാൻസ്ലാം കിരീടമാണിത്. മൂന്നാം ഫ്രഞ്ച് ഓപ്പണും.2020, 2022 സീസണിലും ഇഗ ചാന്പ്യനായിരുന്നു.
ആദ്യ സെറ്റ് ഇഗ അനായാസം സ്വന്തമാക്കി. ചാന്പ്യൻഷിപ്പിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഫൈനലിൽവരെ എത്തിയ ഇഗയ്ക്കു രണ്ടാം സെറ്റിൽ കാലിടറി. മുചോവ ശക്തമായി തിരിച്ചുവന്നു. ആദ്യ ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന ചെക് താരം പോളിഷ് സുന്ദരിക്ക് ചെക്ക് വച്ചു.എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ ലോക ഒന്നാം നമ്പർ താരത്തിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ മുചോവ മുട്ടുമടക്കി.
16 വർഷത്തിനിടെ പാരിസിൽ കിരീടം നിലനിർത്തുന്ന ആദ്യ വനിതയെന്ന നേട്ടം ഇഗ കരസ്ഥമാക്കി. 2007ൽ ചാംപ്യനായ ജസ്റ്റിൻ ഹെനിനുശേഷം ഇതുവരെ ആർക്കും ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്താനായിട്ടില്ല. മുച്ചോവയുടെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്.