തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഐജി ലക്ഷ്മൺ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ചേക്കുമെന്ന് സൂചന. ലക്ഷ്മണിനെതിരേ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കാനിരിക്കെയാണ് നീക്കം.
അഭിഭാഷകര്‍ തയാറാക്കി നല്കിയ ഹര്‍ജിയാണിതെന്ന് ലക്ഷ്മണുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചികിത്സയിലായിരുന്നതിനാല്‍ ഇതിലെ വിശദാംശങ്ങള്‍ ഐജി അറിഞ്ഞില്ലെന്നാണ് വിശദീകരണം.മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഐജി ലക്ഷ്മൺ മുഖമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്.
സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഒരു അധികാരകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നെന്നാണ് ആരോപണം.ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കങ്ങള്‍ പോലും ഇവിടെ തീര്‍പ്പാക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എറണാകുളം ക്രൈബ്രാഞ്ച് ഡിവൈഎസ്പിക്ക് ഈ അധികാരകേന്ദ്രം നിര്‍ദേശം നല്‍കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.