കൊച്ചി: സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ. ജി ഗുഗുലോത്ത് ലക്ഷ്മൺ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഹൈക്കോടതി പല ആർബിട്രേറ്റർമാർക്ക് പരിഹരിക്കാൻ നൽകുന്ന തർക്കങ്ങൾ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണ്. മോൻസൺ കേസിൽ തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത നിയമവിരുദ്ധമായ നടപടി പോലും തിരശീലയ്ക്ക് പിന്നിൽ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ആരാണ് ഈ അതോറിറ്റിയെന്ന് ഹർജിയിൽ പറയുന്നില്ല.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ലക്ഷ്മണിന് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തിൽ പരാതിക്കാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലോ മൊഴിയിലോ തന്റെ പേരു പറയുന്നില്ല. എന്നിട്ടും തന്നെ പ്രതി ചേർത്തത് നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയ രാഘവൻ സർക്കാരിന്റെ നിലപാടു തേടി. ഹർജി ആഗസ്റ്റ് 18 നു വീണ്ടും പരിഗണിക്കും. കെ.പി. സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഡി.ഐ.ജി എസ്. സുരേന്ദ്രൻ, ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ എന്നിവരെ കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട്. നേരത്തെ ഈ കേസിൽ ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.