മൂന്നാർ: മൂന്നാറിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു. ആനയിറങ്കൽ-ചിന്നക്കനാൽ മേഖലയിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ഏലം കൃഷി ചെയ്യുന്ന അഞ്ച് ഏക്കർ സ്ഥലമാണ് ഒഴിപ്പിക്കുന്നത്. ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി.അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കൈയേറിയ അഞ്ച് ഏക്കർ അന്‍പത്തി അഞ്ച് സെന്റ് സ്ഥലത്തെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായി. കൈയേറ്റ ഭൂമിയിൽ ദൗത്യസംഘം സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥർ സീൽ ചെയ്തു.
രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍.
മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത് 50ലധികം വന്‍കിട കെട്ടിടങ്ങളാണ്. സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വന്‍കിട കമ്പനികള്‍ മുതല്‍ രാഷ്ട്രീയ പ്രമുഖരുടെ ബന്ധുക്കള്‍ വരെ ഈ പട്ടികയില്‍ ഉണ്ട്. മൂന്നാറിലേക്ക് ദൗത്യസംഘം മലകയറുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത നീക്കം.
കളക്ടറുടെ പട്ടികയില്‍ 7 റിസോര്‍ട്ടുകളാണ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത്. ആനവരട്ടി വില്ലേജ്, കെ ഡി എച്ച്, പള്ളിവാസല്‍, കീഴാന്തൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലായി 50 ലധികം വന്‍കിട നിര്‍മ്മാണങ്ങളാണ് ഏക്കര്‍ കണക്കിന് കയ്യേറ്റം ഭൂമിയില്‍ നടന്നിരിക്കുന്നത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി മുമ്പ് സ്പെഷ്യല്‍ താലൂക്ക് ഓഫീസ് മൂന്നാറില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് പിന്നീട് ദേവികുളത്തേക്ക് മാറ്റിയത് പോലും അട്ടിമറിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. കളക്ടര്‍ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏക്കര്‍ മാത്രമാണ്. എന്നാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത നിരവധി കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും മൂന്നാറിലുണ്ട്.
പട്ടയം പോലുമില്ലാത്ത സ്ഥലത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത് നിരവധി കെട്ടിടങ്ങളാണ്. ഈ കയ്യേറ്റങ്ങള്‍ കളക്ടറുടെ ലിസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവായി എന്നും, മറ്റു ചിലത് എങ്ങനെ ഉള്‍പ്പെട്ടു എന്നും ചോദ്യമായി തന്നെ തുടരുന്നുണ്ട്. 2007ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്താണ് ആദ്യ ദൗത്യസംഘം മൂന്നാറിലെത്തിയത്. 2007ൽ തന്നെ രണ്ടാം ദൗത്യവും 2011ൽ യുഡിഎഫ് ഭരണകാലത്ത് മൂന്നാം ദൗത്യസംഘവും മൂന്നാറിൽ എത്തിയിരുന്നു.