മുംബൈ : മുഹമ്മദ് സിറാജിന്റെ മാരക പേസില്‍ തകര്‍ന്നടിഞ്ഞ് ലങ്ക. പിന്നാലെ പന്തെടുത്ത മുഹമ്മദ് ഷമിയുടെ തീ മഴ! പേസിന്റെ കൊടൂര വേര്‍ഷന്‍ വാംഖഡയെ വിറപ്പിച്ചപ്പോള്‍ ഒറ്റ റണ്‍ കൊടുക്കാതെ വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍. ലങ്ക മൂന്ന് റണ്‍സിനു നാല് വിക്കറ്റെന്ന നിലയില്‍ നിന്നു 14 റണ്‍സിനിടെ ആറ് വിക്കറ്റിലേക്ക് കൂപ്പുകുത്തി.
വീണ്ടും പന്തെറിഞ്ഞ ഷമി തന്റെ രണ്ടാം ഓവറില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി. ഇത്തവണ ഒരു റണ്‍ കൊടുത്തു. രണ്ടോവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍. 23 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി.
358 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് തുടക്കത്തില്‍ തന്നെ നിലയില്ലാ കയത്തിലായിരുന്നു. അതില്‍ നിന്നു കര കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷമിയുടെ പന്തുകള്‍ മാരക ഭാവത്തില്‍ കളം വാണത്.
ആഞ്ചലോ മാത്യൂസിന്റെ പ്രതിരോധം മാത്രമാണ് ലങ്കയ്ക്ക് നേരിയ ശ്വാസം നല്‍കുന്നത്. 24 പന്തില്‍ 12 റണ്‍സുമായി മാത്യൂസ് ക്രീസില്‍.
ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസ്സങ്കയെ മടക്കി ബുമ്ര അവരെ ഞെട്ടിച്ചു. പിന്നാലെ പന്തെറിയാനെത്തിയ സിറാജ് ദിമുത് കരുണരത്നയെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മടക്കി. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ സദീര സമര വിക്രമയേയും പുറത്താക്കി. അടുത്ത വരവില്‍ കുശാല്‍ മെന്‍ഡിസിന്റെ പ്രതിരോധവും തകര്‍ത്തു.