കൊല്‍ക്കത്ത : ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മികച്ച സ്കോര്‍ വച്ച ഇന്ത്യ ബൗളിങിലും പിടിമുറുക്കുന്നു. 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ മിന്നും ഫോമിലുള്ള അഞ്ച് ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും പ്രോട്ടീസിന്റെ മുനിരയെ തകര്‍ത്തത്. മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 11 റണ്ണുമായി ഡേവിഡ് മില്ലറും 7 റണ്ണുമായി മാര്‍ക്കോ ജന്‍സനും ക്രീസില്‍.
ക്വിന്റന്‍ ഡി കോക്ക് (5), ടെംബ ബവുമ (11), റസ്സി വാന്‍ ഡര് ഡുസന് (13), എയ്ഡന്‍ മാര്‍ക്രം (9), ഹെയ്ന്റിച് ക്ലാസന് (1) എന്നിവരാണ് പുറത്തായത്. ക്വിന്റന്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് സിറാജ് ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
നേരത്തെ വിരാട് കോഹ്ലിയുടെ ചരിത്ര സെഞ്ച്വറിക്കാണ് ഈഡന് ഗാര്‍ഡന്‍സ് സാക്ഷിയയത്. പുറത്താകാതെ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ച് കോഹ്ലി കൊല്‍ക്കത്തന്‍ സായാഹ്നത്തെ ജ്വലിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 327 റണ്‍സ്.
121 പന്തുകള്‍ നേരിട്ട് പത്ത് ഫോറുകളുടെ അകമ്പടിയില്‍ കോഹ്ലി 101 റണ്‍സുമായി പുറത്താകാതെ നിന്നു. 35ാം പിറന്നാള്‍ ദിനത്തില്‍ ഇതിഹാസ താരം സച്ചിന് ടെണ്ടുലക്കര്‍ സ്ഥാപിച്ച 49 ഏകദിന സെഞ്ച്വറികളുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഇനി കോഹ്ലിയുടെ പേരും.
35ാം പിറന്നാള്‍ ദിനത്തിലാണ് ഉജ്ജ്വല നാഴികക്കല്ലില്‍ തന്റെ പേരും കോഹ്ലി എഴുതി ചേര്‍ത്തത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ താരമെന്ന അനുപമ റെക്കോര്‍ഡിനു തൊട്ടരികില്‍ കോഹ്ലി എത്തി. ഈ ലോകകപ്പില്‍ തന്നെ അതു സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കോഹ്ലിക്കൊപ്പം 15 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 29 റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. താരത്തിന്റെ കൂറ്റനടികളാണ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്.