കൊല്‍ക്കത്ത : ഈ ലോകകപ്പില്‍ എതിരാളികള്‍ക്കു മേല്‍ ബാറ്റിങ് വന്യതയുടെ കരുത്തു മുഴുവന്‍ കാണിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ സ്പിന്‍ കുരുക്കില്‍ വീഴ്ത്തി ഇന്ത്യയുടെ അപരാജിത മുന്നേറ്റം. എട്ടില്‍ എട്ടും ജയിച്ച് ഇന്ത്യ കരുത്തോടെ കിരീട പ്രതീക്ഷ സജീവമാക്കി.
243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ പിടിച്ചത്. 327 റണ്‍സാണ് ഇന്ത്യ പ്രോട്ടീസിന് ലക്ഷ്യം നല്‍കിയത്. അവരുടെ പോരാട്ടം വെറും 83 റണ്‍സില്‍ അവസാനിപ്പിച്ചു. 27.1 ഓവര്‍ മാത്രമാണ് ബാറ്റര്‍മാര്‍ ക്രീസില്‍ നിന്നത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജയാണ് ഇത്തവണ മാരകമായി പന്തെറിഞ്ഞത്. താരം ഒന്പതോവറില് 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ പിഴുതു. പിന്നാലെ എത്തിയ കുല്‍ദീപ് യാദവ് 5.1 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റത്തിനു തിരശ്ശീലയിട്ടു. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ മികച്ച സ്കോര്‍ വച്ച ഇന്ത്യ ബൗളിങിലും പിടിമുറുക്കുന്നു. 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ മിന്നും ഫോമിലുള്ള അഞ്ച് ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍. രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും പ്രോട്ടീസിന്റെ മുനിരയെ തകര്‍ത്തത്. മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
ക്വിന്റന്‍ ഡി കോക്ക് (5), ടെംബ ബവുമ (11), റസ്സി വാന്‍ ഡര് ഡുസന് (13), എയ്ഡന്‍ മാര്‍ക്രം (9), ഹെയ്ന്റിച് ക്ലാസന് (1) എന്നിവരാണ് പുറത്തായത്. ക്വിന്റന്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് സിറാജ് ദക്ഷിണാഫ്രിക്കന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
ഡേവിഡ് മില്ലര്‍ (11) പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. 30 പന്തുകള്‍ പ്രതിരോധിച്ചു ക്രീസില്‍ നിന്നു 14 റണ്‍സെടുത്ത മാര്‍ക്കോ ജന്‍സനാണ് ടോപ് സ്കോറര്‍. കേശവ് മഹാരാജ് (7), കഗിസോ റബാഡ (6), ലുന്‍ഗി എന്‍ഗിഡി (0) എന്നിവരാണ് പറത്തായ മറ്റ് താരങ്ങള്‍. ടബ്രിസ് ഷംസി (4) പുറത്താകാതെ നിന്നു.