പുനെ : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 87 പന്തില്‍ സെഞ്ച്വറിയടിച്ച് മിച്ചല്‍ മാര്‍ഷ്. അനായാസ വിജയത്തിലേക്ക് ഓസീസ് നീങ്ങുമ്പോള്‍ അമരത്ത് മാര്‍ഷ് 121 പന്തില്‍ 16 ഫോറും 7 സിക്സും സഹിതം 159 റണ്‍സുമായി നില്ക്കുന്നു. മാർഷിന്റെ സെഞ്ച്വറിക്ക് പിന്നാലെ സ്റ്റീവ് സ്മിത്ത് അർധ സെഞ്ച്വറിയും തികച്ചു. 51 റണ്‍സുമായി സ്റ്റീവ് സ്മിത്തും ഒപ്പം. നിലവില്‍ അവര്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയില്‍.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറും അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റാണ് ഓസീസിനു ആദ്യം നഷ്ടമായത്. താരം 10 റണ്‍സുമായി മടങ്ങി. പിന്നീട് മാര്‍ഷിനെ കൂട്ടുപിടിച്ച് വാര്‍ണര്‍ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് മടങ്ങിയത്. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് ചേര്‍ത്തു. ടോസ് നേടി ഓസ്ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്റെ അഭാവത്തില്‍ നജ്മുല്‍ ഹുസൈന് ഷാന്റോയാണ് ടീമിനെ നയിക്കുന്നത്.
അര്‍ധ സെഞ്ച്വറി നേടിയ തൗഹിത് ഹൃദോയ് (74) ആണ് ടോപ് സ്കോറര്‍. മുന്‍നിര ബാറ്റര്‍മാരെല്ലാം ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്കി. ഷാന്റോ നാല് ഫോറും രണ്ട് സിക്സും പറത്തി.
തന്‍സിദ് ഹസന്, ലിറ്റന്‍ ദാസ് (36), ഷാന്റോ (45), മഹ്മുദുല്ല (32), മുഷ്ഫിഖര്‍ റഹീം (21), മെഹിദി ഹസന് (29) എന്നിവരെല്ലാം മികവ് പുലര്‍ത്തി. മഹ്മുദുല്ല മൂന്ന് സിക്സുകള്‍ തൂക്കി.
ഓസ്ട്രേലിയക്കായി സീന്‍ അബ്ബോട്ട്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റെടുത്തു.