മുംബൈ : വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 55 റണ്‍സില്‍ കൂടാരം കയറി. ഒരു ടി20 മത്സരത്തിന്റെ ബാറ്റിങ് സമയം പോലും പൂര്‍ത്തിയാക്കിയില്ല. 19.4 ഓവറില്‍ അവര്‍ കത്തിച്ചാമ്പലായി.
302 റണ്‍സിന് വമ്പന്‍ തോല്‍വിയാണ് ഇന്ത്യ ലങ്കയ്ക്ക് നല്‍കിയത്. ഉജ്ജ്വല വിജയവുമായി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍. ഏഴില്‍ ഏഴും ജയിച്ച് ഇന്ത്യ അപരാജിതരായി ഒന്നാം സ്ഥാനത്തോടെ അവസാന നാലില്‍. ഷമി അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി. ഏഴോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി സിറാജ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 357 റണ്‍സ്. കളിയുടെ ഒരു ഘട്ടത്തിലും ലങ്ക വിജയിക്കാനുള്ള വീര്യം കാണിച്ചില്ല. ആദ്യ പന്തില്‍ തന്നെ അവര്‍ക്ക് പതും നിസങ്കയെ നഷ്ടമായി. ബുമ്രയാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ട വിക്കറ്റുമായി വരാനിരിക്കുന്ന പരമ ദയനീയ സ്ഥിതിയുടെ സൂചന ആദ്യം കൊടുത്തത്.
പിന്നാലെ സിറാജിന്റെ മാസ്മരിക സ്പെല്‍. രണ്ടാം ഓവറിന്റെ ഒന്നാം പന്തിലും അഞ്ചാം പന്തിലും വിക്കറ്റ്. പിന്നാലെ പന്തെടുത്ത മുഹമ്മദ് ഷമിയുടെ തീ മഴ! പേസിന്റെ കൊടൂര വേര്‍ഷന്‍ വാംഖഡയെ വിറപ്പിച്ചപ്പോള്‍ ഒറ്റ റണ്‍ കൊടുക്കാതെ വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍. ലങ്ക മൂന്ന് റണ്‍സിനു നാല് വിക്കറ്റെന്ന നിലയില്‍ നിന്നു 14 റണ്‍സിനിടെ ആറ് വിക്കറ്റിലേക്ക് കൂപ്പുകുത്തി. പീന്നീട് ക്രീസിലെത്തിയ ആഞ്ചലോ മാത്യൂസിനും മഹീഷ തീക്ഷണയ്ക്കും കസുന്‍ രജിതയ്ക്കും നന്ദി. സ്കോര്‍ 50 എങ്കിലും കടത്തിയതിന്.മാത്യൂസ് 25 പന്തുകള്‍ പ്രതിരോധിച്ച് 12 റണ്‍സെടുത്തു. തീക്ഷണ 23 പന്തുകള്‍ നേരിട്ട് രണ്ട് ഫോറുകള്‍ സഹിതം 12 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രജിത 17 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 12 റണ്‍സെടുത്തു.
ഷമി തന്റെ രണ്ടാം ഓവറില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി. ഇത്തവണ ഒരു റണ്‍ കൊടുത്തു. രണ്ടോവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍. 22 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. പിന്നീടുള്ള മൂന്നോവറില്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നു 14 വിക്കറ്റുകള്‍. അതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം. 358 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് തുടക്കത്തില്‍ തന്നെ നിലയില്ലാ കയത്തിലായിരുന്നു. അതില്‍ നിന്നു കര കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷമിയുടെ പന്തുകള്‍ മാരക ഭാവത്തില്‍ കളം വാണത്. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസ്സങ്കയെ മടക്കി ബുമ്ര അവരെ ഞെട്ടിച്ചു. പിന്നാലെ പന്തെറിയാനെത്തിയ സിറാജ് ദിമുത് കരുണരത്നയെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മടക്കി. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ സദീര സമര വിക്രമയേയും പുറത്താക്കി. അടുത്ത വരവില്‍ കുശാല്‍ മെന്‍ഡിസിന്റെ പ്രതിരോധവും തകര്‍ത്തു. ലങ്കയുടെ താരങ്ങള്‍ സംപൂജ്യരായി.
മൂന്ന് സെഞ്ച്വറി നഷ്ടങ്ങള്‍ :-മൂന്ന് സെഞ്ച്വറി നഷ്ടങ്ങളുടെ നിരാശ മാറ്റി നിര്‍ത്തിയാല്‍ വാംഖഡെയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ബാറ്റിങിന് 100ല്‍ 100 മാര്‍ക്ക്. രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ ബോര്‍ഡില്‍ ചേര്‍ത്തത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ്. ലങ്കയ്ക്ക് ജയിക്കാന്‍, സെമി സാധ്യത നിലനിര്‍ത്താന്‍ വേണ്ടത് 358 റണ്‍സ്. ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയടിച്ചു തുടങ്ങിയ രോഹിത് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായത് ഇന്ത്യയെ ഞെട്ടിച്ചു.
പിന്നീട് ക്രീസില്‍ ഒന്നിച്ച കോഹ്ലി- ഗില്‍ സഖ്യം 189 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുയര്‍ത്തി. ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന്റെ നട്ടെല്ലും ഈ കൂട്ടുകെട്ടായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെ ശുഭ്മാന്‍ ഗില്ലും ചരിത്ര സെഞ്ച്വറിക്ക് അരികെ ഒരിക്കല്‍ കൂടി വിരാട് കോഹ്ലിയും വീണു. ഗില്‍ 92 പന്തില്‍ 11 ഫോറും രണ്ട് സിക്സും സഹിതം 92 റണ്‍സ് നേടി. കോഹ്ലി 11 ഫോറുകള്‍ സഹിതം 88 റണ്‍സെടുത്തും മടങ്ങി. 49 സെഞ്ച്വറികളെന്ന സച്ചിന് ടെണ്ടുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡിനൊപ്പം കോഹ്ലി വാംഖഡെയില്‍ എത്തുമെന്ന ആരാധക പ്രതീക്ഷ ഒരിക്കല്‍ കൂടി നിരാശയ്ക്ക് വഴി മാറി.
കോഹ്ലിയും ഗില്ലും മടങ്ങിയതിനു പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് ഒരറ്റത്തു നിന്നപ്പോള്‍ മറുഭാഗത്ത് എത്തിയ കെഎല്‍ രാഹുല്‍ (21), സൂര്യകുമാര്‍ യാദവ് (12)എന്നിവര്‍ വേഗം പുറത്തായി. ഫോം ഔട്ടായതിന്റെ പേരില്‍ വിമര്‍ശനം ഉയരുന്നതിനിടയാണ് ശ്രേയസ് തകര്‍പ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞത്. താരം 56 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും സഹിതം 82 റണ്‍സ് വാരി. താരത്തിനും സെഞ്ച്വറി നഷ്ടം. 24 പന്തില്‍ 35 റണ്‍സെടുത്ത് രവീന്ദ്ര ജഡേജയും സ്കോറിലേക്ക് സംഭാവന നല്കി. ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മടക്കി ഇന്ത്യയെ ഞെട്ടിച്ച മദുഷങ്ക തന്നെ കോഹ്ലി, ഗില്‍ എന്നിവരേയും മടക്കി ലങ്കയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. പിന്നാലെ സൂര്യകുമാര്‍ യാദവിനേയും സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു ശ്രേയസിനേയും മടക്കി താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് വിക്കറ്റുകള്‍ ദുഷ്മന്ത ചമീര സ്വന്തമാക്കി.