കൊല്‍ക്കത്ത : പാകിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ 338 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇംഗ്ലണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയത് ഇംഗ്ലണ്ട് നിശ്ചതി ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു.
ടൂര്‍ണമെന്റില്‍ ആദ്യമായി മുന്‍നിരയിലെ ആറ് ബാറ്റര്‍മാരും തിളങ്ങി എന്നതാണ് ഇംഗ്ലണ്ട് ബാറ്റിങിലെ സവിശേഷത. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷയുടെ നേരിയ വഴിയും അടഞ്ഞിരുന്നു.
ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 76 പന്തില്‍ 11 ഫോറും രണ്ട് സിക്സും സഹിതം 84 റണ്‍സെടുത്ത സ്റ്റോക്സാണ് ടോപ് സ്കോറര്‍.
ജോ റൂട്ട് നാല് ഫോറുകള്‍ സഹിതം 60 റണ്‍സ് കണ്ടെത്തി. ബെയര്‍സ്റ്റോ 59 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്സും സഹിതമായിരുന്നു ബാറ്റിങ്. സഹ ഓപ്പണര്‍ ഡേവിഡ് മാലന് 31 റണ്‍സെടുത്തും പുറത്തായി.
ക്യാപ്റ്റന്‍ ജോസ് ബട്ലര് 18 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 27 റണ്‍സ് കണ്ടെത്തി. ഹാരി ബ്രൂക് രണ്ട് വീതം സിക്സും ഫോറും സഹിതം 30 റണ്‍സ് വാരി. അഞ്ച് പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 15 റണ്‍സെടുത്ത ഡേവിഡ് വില്ലിയാണ് മറ്റൊരു സ്കോറര്‍.
പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഷഹീന് അഫ്രീദി, മുഹമ്മദ് വസീം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. ഇഫ്തിഖര്‍ അഹമ്മദിനാണ് ഒരു വിക്കറ്റ്.