ന്യൂഡല്‍ഹി : ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. കളിയുടെ ഒരു
ഘട്ടത്തില്‍ മുന്നൂറ് കടക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളില്‍ ഇന്ത്യയുടെ മികച്ച ബൗളിങില്‍ 272-ല്‍ എന്ന നിലയില്‍ പിടിച്ചു നിര്‍ത്തി.
ഇന്ത്യയ്ക്കായി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.
63 റണ്‍സെടുക്കുന്നതിനിടെ അഫ്ഗാന്റെ ഇബ്രാഹിം സാദ്രാന്‍ (22), റഹ്മാനുല്ല ഗുര്‍ബാസ് (21), റഹ്മത് ഷാ (16) എന്നിവര്‍ പുറത്തായി. പിന്നീട് ക്യാപ്റ്റന്‍ ഹഷ്മത്തുല്ല ഷാഹിദി – അസ്മത്തുല്ല ഒമര്‍സായ് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നാലാം വിക്കറ്റില്‍ ഈ സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
88 പന്തില്‍നിന്ന് 80 റണ്‍സെടുത്ത ഷാഹിദിയാണ് അഫ്ഗാന് നിരയിലെ ടോപ് സ്കോറര്‍. 69 പന്തുകള്‍ നേരിട്ട ഒമര്‍സായ് 62 റണ്‍സെടുത്തു. 35-ാം ഓവറില്‍ ഒമര്‍സായിയെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചു.
തൊട്ടു പിന്നാലെ തന്നെ മുഹമ്മദ് നബി (19), നജീബുല്ല സാദ്രാന്‍ (2), റാഷിദ് ഖാന് (16) എന്നിവരും ക്രീസ് വിട്ടു. മുജീബ് ഉര് റഹ്മാന് (10*), നവീന്‍ ഉള് ഹഖ് (9*) എന്നിവര്‍ പുറത്താകാതെ നിന്നു.