ന്യൂഡല്‍ഹി : ഐ ലീഗിലെ മത്സരങ്ങളില്‍ കൃത്രിമം കാണിച്ച് ഫലം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) അധ്യക്ഷന്‍ കല്യാണ്‍ ചൗബെ. ഇക്കാര്യത്തിനായി ചിലര്‍ ഐ ലീഗിലെ താരങ്ങളെ സമീപിച്ചതായി വിവരങ്ങളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും ചൗബെ വ്യക്തമാക്കി.
‘ഐ ലീഗിലെ നിരവധി താരങ്ങളെ ഇത്തരത്തില്‍ ഒത്തുകളിക്കാന്‍ ചിലര്‍ സമീപിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തി അതിവേഗം നടപടി സ്വീകരിക്കും. താരങ്ങളേയും മനോഹരമായ ഫുട്ബോള്‍ കളിയേയും സംരക്ഷിക്കാന്‍ ഫെഡറേഷന് പ്രതിജ്ഞാബദ്ധമാണ്. കളിക്കാരേയും ഫുട്ബോളിനേയും അപകടത്തിലാക്കാനുള്ള ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല.’
‘ഒത്തുകളിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഉചിതമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഇത്തരം കെണികളില്‍ പെടാതെ ജാഗ്രതയോടെ ഇരിക്കാന്‍ കളിക്കാരോയും മറ്റ് സ്റ്റാഫുകളേയും ഫെഡറേഷന് ബോധവത്കരിക്കും. ഫുട്ബോളിന്റെ യശസിനെ ബാധിക്കുന്ന, അഴിമതി അടക്കമുള്ള വിഷയങ്ങളില്‍ ഫെറേഷന് കര്‍ശന നടപടികള്‍ സ്വീകരിക്കും’- ചൗബെ വ്യക്തമാക്കി.
അഴിമതി, ഒത്തുകളി വിവാദങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിനു പുതുമുയുള്ള കാര്യമല്ല. 2018ല്‍ മിനര്‍വ പഞ്ചാബ് ക്ലബിലെ ചില താരങ്ങളെ വാതുവയ്പ്പ് സംഘം സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ എഐഎഫ്എഫ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തുടനീളം ഫുട്ബോള്‍ പോരാട്ടങ്ങളില്‍ ഒത്തുകളിയുണ്ടെന്നു പരാതി വന്നതിനെ തുടര്‍ന്നു കഴിഞ്ഞ നവംബറില്‍ സിബിഐ ആന്വേഷണം നടത്തിയിരുന്നു. രാജ്യത്തെ ക്ലബുകളെക്കുറിച്ചുള്ള വിവരങ്ങളും എഐഐഎഫില്‍ നിന്നു സിബിഐ ശേഖരിച്ചു. സിങ്കപ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വാതുവയ്പ്പു സംഘമാണ് താരങ്ങളെ സമീപിച്ചതെന്നു സൂചനകളുണ്ടായിരുന്നു.