കോഴിക്കോട് : വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സിപിഐഎം തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ച് ഐസി ബാലകൃഷ്ണന് എംല്‍എ. ആരാണ് പണം തന്നത്, ആരാണ് പണം വാങ്ങിച്ചത് പണം വെറുതെ വാങ്ങാനും കൊടുക്കാനുമുള്ള സംഗതിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് നാളെ എസ്പിക്ക് പരാതി നല്‍കും.വിഷം കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍.എം വിജയനും മകനും കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട നിയമന അഴിമതികളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നത്.
സമഗ്ര അന്വേഷണത്തെ ഞാനും സ്വാഗതം ചെയ്യുന്നു. ഈ നാട്ടിലെ നല്ലൊരു പൊതു പ്രവര്ത്തകന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്, ജില്ല കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ എം വിജയനെ ഏത് ഉപജാപക സംഘമാണ് ചതിച്ചത് എന്ന് എനിക്കറിയണം. ഇത്തരത്തില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യത്തില്‍ ജീവിക്കുന്ന ആളല്ല അദ്ദേഹം. എന്താണ് സംഭവിച്ചത് എന്നതില്‍ വളരെ സമഗ്രമായ അന്വേഷണം വരണം. യഥാര്‍ത്ഥ പ്രതികളെ പുറത്ത് കൊണ്ടുവരണം – ഐസി ബാലകൃഷ്ണന് വ്യക്തമാക്കി.
ഇന്നലെ മാധ്യമങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് വിവാദമായ കരാറിനെ കുറിച്ചറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പീറ്റര്‍ എന്ന വ്യക്തി എന്‍ എം വിജയനുമായി ബന്ധപ്പെട്ടൊരു എഗ്രിമെന്റ് വെച്ച് അതില്‍ തന്റെ പേര് വെക്കുമ്പോള്‍ അത് താന്‍ അറിയേണ്ടെ എന്ന് അദ്ദേഹം ചോദിച്ചു. പീറ്റര്‍ എന്ന വ്യക്തിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടചിച്ചേര്‍ത്തു. ആരാണ് പീറ്റര്‍ എന്ന് പാര്‍ട്ടി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇത്തരമൊരു രേഖ പുറത്ത് വിട്ടത് എന്ന് കണ്ടെത്തേണ്ടത് രാഷ്ട്രീയത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ മുഖം നോക്കിയല്ല. ഇത്തരത്തിലുള്ള വികൃതമായ പ്രവര്‍ത്തി ഉള്പ്പോരില് കൂടി നടത്തുന്ന ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് എന്റെ നിലപാട് – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍, ഐ.സി ബാലകൃഷ്ണന് എംഎല്‍എയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് സിപിഐഎം. നാളെ എംഎല്‍എയുടെ ഓഫീസിലേക്ക് സിപിഐഎം മാര്‍ച്ച് നടത്തും. ഐസി ബാലകൃഷ്ണന് രാജി വയ്ക്കണം എന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം.