കൊച്ചി: അങ്കമാലിയിൽ ഭാര്യയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഒളിവിൽപോയ ഭർത്താവ് പിടിയിൽ. പാറക്കടവ് പുളിയനം മില്ലുംപടി ഭാഗത്ത് ബാലൻ (72) ആണ് അറസ്റ്റിലായത്. ഭാര്യ ലളിതയെ (62) കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം ഒളിവിൽ പോവുകയായിരുന്നു ഇയാൾ. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകനാണ് ലളിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്കിയ പ്ലാസ്റ്റിക് കയർ സ്വീകരണ മുറിയിലെ സെറ്റിയിൽ കെട്ടിയ നിലയിലായിരുന്നു.സംഭവത്തിനുശേഷം പ്രതി വിവിധയിടങ്ങളിൽ ഒളിവിൽ പോയ പ്രതിയെ ഏഴ് ദിവസത്തിനു ശേഷമാണ് അങ്കമാലി പൊലീസ് പിടികൂടിയത്. ഭാര്യയോടുളള വിരോധമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ബാലൻ പൊലീസിനോടു പറഞ്ഞത്.