കോട്ടയം : കോട്ടയത്ത് യുവതിയും രണ്ടു കുട്ടികളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
ആത്മഹത്യയുടെ തലേ ദിവസം ഭാര്യക്ക് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നതായി നോബി പൊലീസിന് മൊഴി നൽകി. വാട്ട്സാപ്പ് സന്ദേശം വീണ്ടെടുക്കാൻ പൊലീസ് ശ്രമം നടത്തുന്നു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈനിയുടെയും മക്കളുടെയും മൃതദേഹം കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഷൈനിയും നോബിയും 9 മാസമായി അകന്ന് കഴിയുകയായിരുന്നു. കോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് ആത്മഹത്യ. പുലർച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. ഏറ്റുമാനൂർ ഹോളി ക്രോസ്സ് സ്കൂളിലെ അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളാണ് മരിച്ച അലീനയും, ഇവാനയും.