തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്ന മാവോയിസ്റ്റ് രൂപേഷിനെ ആരോഗ്യനില മോശമായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രൂപേഷ് എഴുതിയ “ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ” എന്ന നോവലിന് ജയില്‍ വകുപ്പ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതോടെയാണ് നിരാഹാരം തുടങ്ങിയത്.
ചെവ്വാഴ്ച നിരാഹാരം ആറു ദിവസമെത്തിയപ്പോഴാണ് ആരോഗ്യനില മോശമായതായി ജയില്‍ ഡോക്ടര്‍ അറിയിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് ആശുപത്രിയില്‍ കഴിയുന്നത്.
അതേസമയം രൂപേഷിന്റെ ജീവൻ സംരക്ഷിക്കാൻ കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളും ശബ്ദമുയർത്തണമെന്ന് ജസ്റ്റിസ് ഫോർ പ്രിസണേഴ്സ് കൺവീനർ അഡ്വ ഷൈന പി.എ വ്യക്തമാക്കി.
”നോവലിന് പ്രസിദ്ധീകരണ അനുമതിക്കായി ജയിൽ അധികൃതർക്ക് അപേക്ഷ നൽകി അഞ്ചു മാസത്തിലധികമായിട്ടും അനുമതി നൽകാതെ ഇരിക്കുകയാണ്. ജയിൽ, യുഎപിഎ നിയമം, കോടതി തുടങ്ങിയ പരാമർശങ്ങൾ നോവലിൽ ഉള്ളതിനാൽ അനുമതി നൽകാൻ സാധ്യമല്ലെന്നാണ് ജയിൽ അധികൃതർ വാക്കാൽ പറഞ്ഞത്.
ജയിലിലുള്ള തടവുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ജയിൽ വകുപ്പിന് തടസ്സം നിൽക്കാൻ കഴിയില്ലെന്ന് സുപ്രിംകോടതിയുടെ നിരവധി വിധികളിൽ പറയുന്നുണ്ട്. രൂപേഷ് എഴുതിയ നോവൽ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നൽകാൻ യാതൊരുവിധ നിയമ തടസ്സങ്ങളും ഇല്ലെന്നും കേരള സർക്കാർ ഉടനെ രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കാനുള്ള അനുമതി നല്‍കണമെന്നും ഷൈന പി.എ വ്യക്തമാക്കി.